‘മോദിജീ എന്താണ് സത്യം?’; അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്‍റെ വെളിപ്പെടുത്തലുകൾ ആയുധമാക്കി രാഹുൽ

‘മോദിജീ എന്താണ് സത്യം?’; അഞ്ച് വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്‍റെ വെളിപ്പെടുത്തലുകൾ ആയുധമാക്കി രാഹുൽ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ അഞ്ച് യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള സത്യമെന്താണെന്ന് രാജ്യം അറിയണമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ട്രംപ് ഇക്കാര്യം പറയുന്ന വീഡിയോ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

വ്യാപാരക്കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും ആവർത്തിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങൾ വെടിവെച്ചിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുമായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ ഈ അവകാശവാദം. അഞ്ച് ജെറ്റുകളാണ് സംഘർഷത്തിനിടെ വെടിവെച്ചിട്ടതെന്നും എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണെന്ന് ട്രംപ് വ്യക്തമാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയും പാകിസ്താനും ആണവശക്തികളാണെന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. “ഞങ്ങൾ നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഗുരുതരമായിരുന്നു. ഇവ രണ്ടും ആണവരാജ്യങ്ങളാണ്. അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇറാന്റെ ആണവശേഷി ഞങ്ങൾ തകർത്തത് നിങ്ങൾ കണ്ടതാണ്. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വലുതാകുന്നതിന് മുമ്പ് ഞങ്ങൾ അത് പരിഹരിച്ചു. നിങ്ങൾ ഒരു വ്യാപാരക്കരാറുണ്ടാക്കണമെന്ന് ഞങ്ങൾ പറഞ്ഞു. ആയുധങ്ങളും ആണവായുധങ്ങളും ഉപയോഗിച്ച് സംഘർഷം തുടർന്നാൽ ഞങ്ങൾ വ്യാപാരക്കരാറുണ്ടാക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു,” ട്രംപ് വ്യക്തമാക്കി.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശവാദമുന്നയിച്ചിരുന്നു. പാകിസ്താന്റെ കുറച്ച് വിമാനങ്ങൾ തകർത്തതായി ഇന്ത്യയും അവകാശപ്പെട്ടിരുന്നു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കുന്നതിൽ താൻ പങ്കുവഹിച്ചെന്ന് ട്രംപ് നിരന്തരമായി അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

‘Modiji, what is the truth?’; Rahul uses Trump’s revelations that five planes were shot down as a weapon

Share Email
Top