തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു.. ഇന്നു രാവിലെ ഏഴിന് പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവിയുടെ ചുമതലയേറ്റത്. താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും പോലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു.
1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലക്കാരനായ റവാഡ. കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരവെയാണ് പുതിയ നിയമനം. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്.
പോലീസ് മേധാവിയായി ചുമതലയേല്‍ക്കാന്‍ ഇന്നു രാവിലെയാണ് റവാഡ ഡല്‍ഹിയില്‍ നിന്നും തലസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ചുമതലയേറ്റെടുത്ത ശേഷം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
Rawada Chandrashekhar takes charge as state police chief