കേരളത്തിൽ ഓപ്പറേഷൻ കുബേര പുനസ്ഥാപിക്കണമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ

കേരളത്തിൽ ഓപ്പറേഷൻ കുബേര പുനസ്ഥാപിക്കണമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ

കേരളം: ബ്ലേഡ് മാഫിയയെ നിയന്ത്രിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓപ്പറേഷന്‍ കുബേര ഫ്രീസറിലായതോടെ സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് കൊള്ളപ്പലിശക്കാരുടെ അഴിഞ്ഞാട്ടമാണ്. പലിശക്കാരുടെ ഭീഷണി മൂലം ഇന്ന് ഈരാറ്റുപേട്ടയില്‍ യുവ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം പുറത്തു വന്നിട്ടും പോലീസിന് ഒന്നും ചെയ്യുവാൻ കഴിയത്ത അവസ്ഥയിലാണ്.

കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാന്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ കുബേര’ 2014 മെയ് മാസം മുതലാണ് ആരംഭിച്ചത്. എന്നാല്‍ ഈ ഓപ്പറേഷന്‍ ദുര്‍ബലമായതോടെ സംസ്ഥാനത്ത് ബ്ലേഡ് മാഫിയയുടെ വിളയാട്ടത്തിന്റെ അവസാനത്തെ ഇരകളാണ് കരാറുകാരനായ വിഷ്ണുവും ഭാര്യ രശ്മിയും. കരാര്‍ജോലികളില്‍ നിന്ന് പണം കിട്ടാതായതോടെ ബ്ലേഡ് പലിശക്കാരില്‍ നിന്ന് കടമെടുത്തത്. പലിശ മുടങ്ങിയതോടെ ഭീഷണിയുമായി ബ്ലേഡ് മാഫിയയും സജീവമായി. കഴിഞ്ഞ ദിവസം വീട്ടിലെത്തി സംഘം വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തിയും പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് അപമാനിച്ചു. ഇതോടെയാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്തതെന്നാണ് വിവരം.

ഓപ്പറേഷന്‍ കുബേരയുടെ പേരും രീതികളും പരിഷ്‌ക്കരിക്കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാല് വര്‍ഷമായെങ്കിലും നടപടികള്‍ ഉണ്ടായില്ല. 2019ലാണ് ഡിജിപിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഓപ്പറേഷന്‍ കുബേര പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. യോഗത്തിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ല. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പക്കല്‍ കൊള്ളപ്പലിശക്കാരുടെ വിവരങ്ങള്‍ ഉണ്ടെങ്കിലും പോലീസ് ഫലപ്രദമായി ഇടപെടാത്തതിന്റെ ഒടുവിലത്തെ ഇരകളാണ് വിഷ്ണുവും രശ്മിയും.

രമേശ് ചെന്നിത്തലയുടെ കാലത്ത് രൂപീകരിച്ച ഓപ്പറേഷന്‍ കുബേരയുടെ ജില്ലാതല സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാതായതോടെ ഓപ്പറേഷന്‍ കുബേര നിശ്ചലമായി. 2014ല്‍ തിരുവനന്തപുരം മണ്ണന്തലയില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷന്‍ കുബേര എന്ന പദ്ധതിക്ക് രൂപം കൊടുത്തത്. ഇതിനായി പൊലീസില്‍ പ്രത്യേക വിഭാഗവും രൂപീകരിച്ചു. ഓരോ ജില്ലയിലെയും ബ്‌ളേഡ് സംഘത്തെ തിരിച്ചറിഞ്ഞ് പ്രത്യേക സ്‌ക്വാഡ് സംവിധാനം ഇവരെ നിരീക്ഷിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ പലരില്‍ നിന്നും ശേഖരിച്ച രേഖകള്‍, ആധാരങ്ങള്‍, ചെക്ക് ലീഫുകള്‍, മുദ്രപ്പത്രങ്ങള്‍, പ്രമാണങ്ങള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. ഓപ്പറേഷന്‍ കുബേര തുടക്കത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയെങ്കിലും പിന്നീട് പൊലീസുകാരുടെ വഴിവിട്ട നടപടികള്‍ ആരോപണങ്ങള്‍ക്ക് വഴിവച്ചു. 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓപ്പറേഷന്‍ കുബേര വേണ്ട രീതിയില്‍ നടപ്പാക്കാന്‍ താല്പര്യം കാണിച്ചില്ല.

മനംസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊള്ള പലിശക്കാരുടെ ക്രൂര കൃത്യങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന കേരളത്തിൽ ഓപ്പറേഷൻ കുബേര പുനസ്ഥാപിക്കണമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ജോ ചെറുകര ഒരു നിവേദനത്തിലൂടെ പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടു. 

എബി മക്കപ്പുഴ

The American Malayalee Welfare Association has called for the reinstatement of Operation Kubera in Kerala.

Share Email
Top