തനിക്കുണ്ടായിരുന്ന ബന്ധുക്കളിൽ ആരും തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന്, തൊണ്ണൂറുകാരിയായ ഭാരതിയമ്മ അനുനയപ്പെടാതെ തന്നെ ഒരു നിർണ്ണായക തീരുമാനം എടുത്തു. തന്റെ ജീവിതകാലത്തോളം സമ്പാദിച്ച 5.3 ലക്ഷം രൂപ, ആരുടേയും കൈകളിലേക്കുമല്ല, മറിച്ച് സംരക്ഷണവും പരിചരണവും നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ആറാട്ടുപുഴ സാന്ത്വനതീരം വയോജനമന്ദിരത്തിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്കാണ് ബാങ്ക് നിക്ഷേപം ഭാരതിയമ്മ കൈമാറിയത്. തന്റെ സമ്പാദ്യം തന്നെ സ്നേഹത്തോടെ സംരക്ഷിച്ചവർക്കാണ് ഉപയോഗിക്കപ്പെടേണ്ടത് എന്നായിരുന്നു അമ്മയുടെ നിലപാട്.
പ്രായമായപ്പോൾ ഭാരതിയമ്മയെ സംരക്ഷിക്കാൻ ബന്ധുക്കളാരും തയ്യാറായില്ല. അനാരോഗ്യത്താൽ അവശയായ അവർ 2019-ലാണ് ചേർത്തല മായിത്തറയിലെ സർക്കാർ വയോജന മന്ദിരത്തിലെത്തിയത്. കിടപ്പിലായതിനെത്തുടർന്ന് ഒരുവർഷം മുൻപ് ആറാട്ടുപുഴ സാന്ത്വന തീരത്തിലേക്കു മാറ്റി.മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശിനിയാണ് അവിവാഹിതയായ ഭാരതിയമ്മ. ജീവിതത്തിന്റെ അവസാന നാളുകളിലെങ്കിലും ഒപ്പം കഴിയണമെന്ന ആഗ്രഹം ബന്ധുക്കൾ തള്ളിയതോടെയാണ് ഈ തീരുമാനമെടുത്തത്.
ആറുമാസം മുൻപ്, ബന്ധുക്കൾക്കൊപ്പം കഴിയാനുള്ള ആഗ്രഹം സ്ഥാപനത്തിന്റെ സൂപ്രണ്ടിനെ അറിയിച്ചു. ഭാരതിയമ്മയുടെ നിക്ഷേപങ്ങളുടെ അവകാശികളായ ബന്ധുക്കളെ പലതവണ അതറിയിച്ചെങ്കിലും ആരും തയ്യാറായില്ലെന്നു മാത്രമല്ല കാണാൻപോലും വന്നില്ല. അതു ഭാരതിയമ്മയെ വല്ലാതെ നിരാശയാക്കി.
ഒടുവിൽ, ബന്ധുക്കൾക്ക് തന്റെ ബാങ്ക് നിക്ഷേപത്തിലുള്ള അവകാശം ഒഴിവാക്കിത്തരണമെന്ന് സൂപ്രണ്ടിനോട് അഭ്യർഥിച്ചു. തന്നെ സംരക്ഷിക്കുന്ന വയോജനമന്ദിരത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി തുക ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.
Relatives who never cared for her have no right to her property; Bharathiyamma handed over her savings to the Department of Social Justice.