ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലാ ജയിലിൽ റിമാൻഡിലായ മലയാളി കന്യാസ്ത്രീകളെ ഇടതുപക്ഷ പ്രതിനിധി സംഘം ബുധനാഴ്ച രാവിലെ സന്ദര്‍ശിച്ചു. സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിപിഐ നേതാവ് ആനി രാജ, എം.പി.മാരായ ജോസ് കെ. മാണി, പി.പി. സുനീര്‍, എ.എ. റഹീം, കെ. രാധാകൃഷ്ണൻ എന്നിവരാണ് ജയിലിലെത്തിയത്.
സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച വൃന്ദാ കാരാട്ട്, കന്യാസ്ത്രീകൾ പൂര്‍ണമായും നിരപരാധികളാണെന്നും, അവർക്കെതിരായ എഫ്‌ഐആര്‍ ഉടൻ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. “അവർക്കു ആരോഗ്യപ്രശ്‌നങ്ങളുണ്ട്. തറയിൽ കിടന്ന് ഉറങ്ങേണ്ടി വന്ന അവസ്ഥയിലായിരുന്നു. അവർ ക്രൈസ്തവരാണെന്ന ഒരേ കാരണത്താലാണ് ബിജെപി സർക്കാർ ടാർഗെറ്റ് ചെയ്തത്. പൊലീസിനു മുന്നിലിട്ടാണ് അവരെ മർദിച്ചത്. ഇവര്‍ ഇന്ത്യയിലെ പൗരന്മാരല്ലേ എന്ന ചോദ്യം ഇന്ന് അവർ ഉന്നയിക്കുന്നു,” വൃന്ദാ കാരാട്ട് പറഞ്ഞു.
“തെറ്റുകാർ പൊലീസല്ല, ഭരണകൂടം തന്നെ” — ജോസ് കെ. മാണി
കേസിന്റെ രാഷ്ട്രീയപശ്ചാത്തലവും ഭരണകൂടത്തിന്റെ നിലപാടുകളും വിമർശിച്ച് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി എം.പി. പ്രതികരിച്ചു. “ഞങ്ങൾ ഇന്നലെ ഇവിടെ എത്തി. പക്ഷേ കന്യാസ്ത്രീകളെ കാണാൻ അനുവദിച്ചില്ല. അതിനാൽ ഞങ്ങൾ ഇവിടെതാമസിച്ച് ഇന്ന് രാവിലെ അവരെ കണ്ടു. അവരോടൊപ്പം അറസ്റ്റിലായ ആദിവാസിയേയും സന്ദർശിച്ചു. അവർക്കെതിരായ കേസിൽ വലിയ അനീതിയുണ്ട്. ഭരണകൂടം തന്നെയാണ് അതിന് ഉത്തരവാദി,” എന്നും അദ്ദേഹം പറഞ്ഞു.
“തിരുവസ്ത്രം ധരിച്ചുകൊണ്ട് ഇന്നത്തെ ഇന്ത്യയിൽ പുറത്തിറങ്ങാൻ കഴിയില്ല”
ജനാധിപത്യത്തിൽ പൗരാവകാശങ്ങൾ തളയ്ക്കപ്പെടുന്നതിന്റെ ദയനീയ പ്രതിഫലനം കന്യാസ്ത്രീകളുടെ സംഭവമാണെന്ന് ഇടതുപക്ഷ നേതാക്കൾ കൂട്ടിച്ചേർത്തു. “മദര്‍ തെരേസയൊക്കെ ഇപ്പോൾ ജീവിച്ചിരുന്നുവെങ്കിൽ, അവരെയും ഇത്തരം ആക്രമണങ്ങൾക്ക് വിധേയമാക്കിയേനെ. ഇതൊരു ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ്,” എന്നായിരുന്നു നിരീക്ഷണം.
ഇനിയുമുള്ള പോരാട്ടം നിയമവും ജനാധിപത്യവും നിലനിൽക്കുന്നതിനായെന്ന് പ്രതിനിധികൾ വ്യക്തമാക്കി.
Religious Persecution: Action Against Nuns Unjust, Say Left Leaders