കൊച്ചി: കായിക പ്രേമികൾക്കായി മലയാളത്തിലെ ആദ്യ സമ്പൂർണ്ണ കായിക ചാനലായ ‘സ്പോർട്സ് റിപ്പോർട്ടർ ‘-ന് റിപ്പോർട്ടർ ടിവി തുടക്കം കുറിച്ചു. കൊച്ചിയിലെ റിപ്പോർട്ടർ സ്റ്റുഡിയോ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടന ചടങ്ങിനൊപ്പം ചാനലിന്റെ പ്രൊമോ റിലീസും നടന്നു.
കഴിഞ്ഞ 30-ന് വൈകിട്ട് നാല് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. റിപ്പോർട്ടർ ഡിജിറ്റൽ വിഭാഗം സീനിയർ ന്യൂസ് എഡിറ്റർ ഷെഫീഖ് താമരശ്ശേരി സ്വാഗത പ്രസംഗം നടത്തി. റിപ്പോർട്ടർ മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ ആമുഖ പ്രസംഗം നിർവഹിച്ചു. തുടർന്ന്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വീഡിയോ സന്ദേശത്തിലൂടെ റിപ്പോർട്ടറിന്റെ പുതിയ സംരംഭത്തിന് അഭിനന്ദനം അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈ ചാനൽ ആവേശമായി മാറുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് മന്ത്രി പ്രസ്താവിച്ചു.
ഇതിന് ശേഷമാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ റിപ്പോർട്ടറിന്റെ പുതിയ സംരംഭത്തെ ഐ എം വിജയൻ അഭിനന്ദിച്ചു. റിപ്പോർട്ടർ ചാനലിന് ഒരു കായിക ചാനലിന്റെ കുറവുണ്ടായിരുന്നുവെന്നും, അത് നികത്താൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കൊണ്ടുവന്നാൽ റിപ്പോർട്ടർ മറ്റൊരു തലത്തിലെത്തുമെന്നും ഐ എം വിജയൻ തമാശയായി പറഞ്ഞു. മാധ്യമ സ്ഥാപനങ്ങൾക്കിടയിൽ മുൻപന്തിയിൽ നിൽക്കുന്ന റിപ്പോർട്ടർ ചാനൽ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിലും മുന്നോട്ട് വന്നതിൽ സന്തോഷമുണ്ടെന്ന് യു ഷറഫലിയും അഭിപ്രായപ്പെട്ടു.
റിപ്പോർട്ടർ സ്പോർട്സിന് ആശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഞ്ജു സാംസണും എത്തി. കേരളത്തിൽ ഒരു സമ്പൂർണ്ണ കായിക ചാനൽ വരുന്നത് ഏറെ സന്തോഷം നൽകുന്നുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ചെയർമാൻ റോജി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസുക്കുട്ടി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് രാജീവ് ടി വി എന്നിവർക്കൊപ്പം എഡിറ്റോറിയൽ ടീം അംഗങ്ങളും ചടങ്ങിൽ ആശംസകൾ നേർന്നു.
Reporter TV owns the first sports channel in Malayalam; ‘Reporter Sports’ inaugurated by IM Vijayan