ന്യൂഡൽഹി: പണം നിറച്ച ചാക്കുകൾ വീട്ടിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന് പ്രതിപക്ഷവുമായി തത്വത്തിൽ ധാരണയായതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സർക്കാരിന്റെ ഇംപീച്ച്മെന്റ് പ്രമേയത്തിന്മേലുള്ള നോട്ടിസിന് പിന്തുണ നൽകാമെന്ന് പ്രധാന പ്രതിപക്ഷ പാർട്ടികൾ സമ്മതിച്ചതായും കിരൺ റിജിജു പറഞ്ഞു.
കുറ്റക്കാരനെന്ന് അന്വേഷണ സമിതി കണ്ടെത്തിയിട്ടും ജസ്റ്റിസ് യശ്വന്ത് വർമ രാജി വെക്കാൻ തയാറാകാതിരുന്നതിനെത്തുടർന്ന്, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ദേഹത്തെ പദവിയിൽനിന്ന് നീക്കാൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം.
പ്രമേയം ലോക്‌സഭയിലാണോ രാജ്യസഭയിലാണോ കൊണ്ടുവരേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി. സഭ ഏതെന്ന് തീരുമാനിച്ച ശേഷം എംപിമാരുടെ ഒപ്പുകൾ വാങ്ങും. ഈ മാസം 21-ന് തുടങ്ങുന്ന വർഷകാല സമ്മേളനം ഓഗസ്റ്റ് 21-ന് സമാപിക്കും. ഈ സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനാണ് സർക്കാർ ശ്രമം.
സുപ്രീം കോടതി നിയോഗിച്ച സമിതി അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോൾ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ജസ്റ്റിസ് വർമയോട് രാജി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയാറായില്ല. ഇതിനെത്തുടർന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസിന്റെ കത്ത്. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർ സ്വയം രാജി വെച്ചില്ലെങ്കിൽ നീക്കം ചെയ്യാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂ. അതിനുള്ള പ്രമേയം അവതരിപ്പിക്കാൻ ലോക്‌സഭയിൽ കുറഞ്ഞത് 100-ഉം രാജ്യസഭയിൽ 50-ഉം എംപിമാർ ഒപ്പിട്ട നോട്ടിസ് നൽകണം.
Resolution to remove High Court Judge Yashwant Verma: Agreement reached with the opposition