പുതുക്കിയ കീം (KEAM) ഫലം പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്കടക്കം മാറി; പട്ടിക റദ്ദാക്കിയതിൽ സർക്കാർ വരുത്തിയത് ഗുരുതര വീഴ്ച

പുതുക്കിയ കീം (KEAM) ഫലം പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്കടക്കം മാറി; പട്ടിക റദ്ദാക്കിയതിൽ സർക്കാർ വരുത്തിയത് ഗുരുതര വീഴ്ച

തിരുവനന്തപുരം: പുതുക്കിയ കീം (KEAM) Kerala Engineering Architecture and Medical റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയിൽ. പുതിയ പട്ടികയിൽ കേരള സിലബസിലുള്ള കുട്ടികൾ പിന്നിലായി. ആദ്യ 100 റാങ്കെടുത്താൽ 79 റാങ്കുകളും സിബിഎസ്ഇ സിലബസിൽ നിന്നുള്ള കുട്ടികളാണ്. കേരള സിലബസിലുള്ള 21 കുട്ടികളാണ് ആദ്യ നൂറിൽ.

തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ പട്ടികയിൽ ജോഷ്വാ ജേക്കബ് അഞ്ചാം റാങ്കിലായിരുന്നു. പഴയ പട്ടികയിൽ കേരള സിലബസിലെ വിദ്യാർഥി ജോൺ ഷിനോജായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോൺ ഷിനോജ് ഏഴാം റാങ്കിലാണ്.

എറണാകുളം സ്വദേശി ഹരികിഷൻ ബൈജുവിനാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം സ്വദേശി എമിൽ ഐപ് സക്കറിയക്കാണ് മൂന്നാം റാങ്ക്. ഫറോക്ക് സ്വദേശി ആദിൽ സയാനാണ് നാലാം റാങ്ക്. പഴയ പട്ടികയിലും ആദിൽ നാലിൽ തന്നെയായിരുന്നു. ബംഗളൂരു സ്വദേശികളായ അദ്വൈത് അയിനിപ്പള്ളി, അനന്യ രാജീവ് എന്നിവരാണ് അഞ്ച് ആറ് റാങ്കുകളിൽ. എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ് ഏഴാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അക്ഷയ് ബിജു, അച്യുത് വിനോദ്, അൻമോൽ ബൈജു എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവർ.

അതേസമയം, എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രോസ്‌പെക്ടസ് പരിഷ്‌കരണ നടപടിയിൽ സർക്കാർ വരുത്തിയ ഗുരുതര വീഴ്ച കാരണം ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി.

പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച ശേഷം പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്ത നടപടി റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റാങ്ക് പട്ടികയും അനുബന്ധമായി പ്രസിദ്ധീകരിച്ച സംവരണ വിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും റദ്ദാക്കേണ്ടിവന്നത്.

എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാൻ പ്ലസ് ടു പരീക്ഷയിലെ മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് പരിഗണിക്കുന്നത് 1:1:1 എന്ന അനുപാതത്തിലായിരുന്നു. ഇതുപ്രകാരം മൂന്ന് വിഷയങ്ങളുടെയും മാർക്ക് നൂറിൽ പരിഗണിച്ച് മൊത്തം മാർക്ക് 300ലായിരുന്നു. പ്രോസ്‌പെക്ടസ് പരിഷ്‌കരിക്കാനുള്ള തീരുമാനത്തോടെ മൂന്ന് വിഷയങ്ങളുടെയും മാർക്ക് അനുപാതം 5:3:2 എന്ന രീതിയിലേക്ക് മാറ്റുന്നതായിരുന്നു പരിഷ്‌കാരം.

ഇതുപ്രകാരം മൊത്തം 300ൽ പരിഗണിക്കുന്ന പ്ലസ് ടു മാർക്കിൽ മാത്‌സിൻറെ മാർക്ക് 150ലും ഫിസിക്‌സിൻറേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിച്ചായിരുന്നു റാങ്ക് പട്ടിക തയാറാക്കിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ജൂലൈ ഒന്നിൻറെ തലേദിവസമായ ജൂൺ 30ന് ചേർന്ന മന്ത്രിസഭ യോഗമായിരുന്നു പ്രോസ്‌പെക്ടസ് ഭേദഗതിക്ക് അംഗീകാരം നൽകിയത്.

ജൂലൈ ഒന്നിന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയും അന്ന് തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയുമായിരുന്നു. പ്ലസ് ടു മാർക്ക് ഏകീകരണത്തിൽ കേരള സിലബസിൽ പഠിച്ച കുട്ടികൾക്ക് മാർക്ക് വൻതോതിൽ കുറയുന്നുവെന്ന പരാതിയിൽ കഴിഞ്ഞ വർഷം ഫലം പ്രസിദ്ധീകരിച്ചപ്പോൾ തന്നെ നടപടി ആവശ്യമുയർന്നെങ്കിലും സർക്കാർതലത്തിലുള്ള നടപടി അനന്തമായി വൈകിയതാണ് വിദ്യാർഥികളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയത്.

Revised (KEAM) results published: List including first rank changed and cancelled; Government made a serious blunder

Share Email
LATEST
More Articles
Top