റൈറ്റ്.റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പക്ക് ഹൂസ്റ്റണിൽ സ്വീകരണം നൽകി

റൈറ്റ്.റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പക്ക് ഹൂസ്റ്റണിൽ സ്വീകരണം നൽകി

ജിൻസ് മാത്യു, റാന്നി

ഹൂസ്റ്റൺ: മാർത്തോമ്മാ സഭയുടെ പ്രതിനിധിയായി യു.എസ്. സന്ദർശനത്തിനെത്തിയ അടൂർ ഭദ്രാസനാധിപൻ റൈറ്റ്.റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പക്ക് ഹൂസ്റ്റണിൽ സ്വീകരണം നൽകി. വൈദികരും വിശ്വാസികളും ബിഷപ്പിന്റെ ജന്മനാടായ മധ്യതിരുവിതാംകൂറിൽ നിന്നുള്ള പൗര പ്രമുഖരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള സുഹൃത്തുക്കളാണ് മിസോറി സിറ്റിയിലുള്ള റെജി കുര്യന്റെ വീട്ടിൽ സ്വീകരണമൊരുക്കിയത്.
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വളാച്ചേരിൽ, അനിൽ ആറൻമുള, ക്രിസ് ജോർജ്, റെജി കുര്യൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

സ്വീകരണത്തിന് മറുപടി പ്രസംഗത്തിൽ, ഇന്ത്യയിലെ തന്റെ മിഷനറി പ്രവർത്തനങ്ങളെക്കുറിച്ച് മാർ സെറാഫിം എപ്പിസ്കോപ്പ വിശദീകരിച്ചു.
മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ, റിവർസ്റ്റോൺ ഒരുമ പ്രസിഡന്റ് ജിൻസ് മാത്യു, ഫോമാ, ഫൊക്കാന, വിവിധ റെസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ഡെറിക് കുര്യൻ നന്ദി പ്രകാശിപ്പിച്ചു.

റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ 1972 മെയ് 1-ന് മല്ലപ്പള്ളി മാർത്തോമ്മാ ഇടവകയിലെ കിഴക്കേചെരുപലത്തിൽ ബഹനാൻ ചാണ്ടിയുടെയും അന്നമ്മ ചാണ്ടിയുടെയും മകനായി ജനിച്ചു.

ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബി.എ. ബിരുദവും, ജബൽപൂരിലെ റാണി ദുർഗാവതി വിശ്വവിദ്യാലയത്തിൽ നിന്ന് ഹിന്ദിയിൽ എം.എ. ബിരുദവും നേടി. ജബൽപൂരിലെ ഹിത്കാരിണി ലോ കോളേജിൽ നിന്ന് എൽ.എൽ.ബി. ബിരുദധാരികൂടിയാണ് അദ്ദേഹം. ആശ്രമപ്രസ്ഥാനത്തിൽ ആകൃഷ്ടനായി, 1993-ൽ ചെറുപ്പത്തിൽത്തന്നെ സിഹോറ ആശ്രമത്തിൽ ചേർന്നു. ജബൽപൂരിലെ ലിയോനാർഡ് തിയോളജിക്കൽ കോളേജിൽ നിന്ന് 2003-ൽ ബി.ഡി. പൂർത്തിയാക്കി.

തുടർന്ന് 2003 ജൂൺ 19-ന് ശെമ്മാശ്ശനായും, 2003 ജൂലൈ 31-ന് കശ്ശീശ്ശായായും പട്ടം സ്വീകരിച്ചു. ആശ്രമത്തിലെ ഒരംഗമായി തുടർന്ന്, ആശ്രമപരിസരത്തുള്ള ജനങ്ങൾക്കായി പ്രവർത്തിച്ചു. സിഹോറ, സിൻഗ്രൗളി, ഇൻഡോർ, വിശാഖപട്ടണം, ഗുവാഹത്തി, ഗ്വാളിയോർ, ഭരത്പൂർ എന്നിവിടങ്ങളിലെ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിഹോറയിലെ ഇ.എം.ടി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നോർത്ത് ഇന്ത്യ മാർത്തോമ്മാ ഇവാഞ്ചലിസ്റ്റിക് ഫെലോഷിപ്പിന്റെ പ്രസിഡന്റ് എന്ന നിലയിൽ, ലേഖനങ്ങളും ഭക്തിഗാനങ്ങളും പ്രസിദ്ധീകരിക്കുകയും, ആരാധനാക്രമവും പാട്ടുകളും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ പങ്കാളിയാവുകയും, അതുവഴി വിശ്വാസ സമൂഹത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്തു.

റൈറ്റ്. റവ. ഈസോ മാർ തിമോത്തിയോസ് എപ്പിസ്കോപ്പയുടെ പാത പിന്തുടർന്ന്, ആശ്രമ പ്രസ്ഥാനത്തിൽ നിന്നുള്ള ഒരംഗം എന്ന നിലയിൽ അദ്ദേഹം എപ്പിസ്കോപ്പ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2023 ഒക്ടോബർ 2-ന് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ച് ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ എന്നിവരോടൊപ്പം അദ്ദേഹത്തെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി.

2023 ഡിസംബർ 2-ന് തിരുവല്ല എസ്.സി.എസ്. ഗ്രൗണ്ടിൽ ഒരുക്കിയ മദ്ബഹായിൽ വെച്ച് മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയായി അദ്ദേഹം അഭിഷിക്തനായി.

സഭയുടെ മിഷനോടുള്ള അദ്ദേഹത്തിന്റെ താൽപര്യവും, ആശ്രമ പ്രസ്ഥാനത്തിൽ നിന്ന് ഉൾക്കൊണ്ട ആത്മീയ ചൈതന്യവും അദ്ദേഹത്തെ കാലഘട്ടത്തിന്റെ നേതാവാക്കി മാറ്റുന്നു.

Right Rev. Mathews Mar Seraphim Episcopa welcomed in Houston

Share Email
Top