‘എന്തും നേരിടാൻ തയാർ’: ട്രംപിൻ്റെ താരിഫ് ഭീഷണിയിൽ പ്രതികരിച്ച് റഷ്യ

‘എന്തും നേരിടാൻ തയാർ’: ട്രംപിൻ്റെ താരിഫ് ഭീഷണിയിൽ പ്രതികരിച്ച് റഷ്യ

അടുത്ത അൻപത് ദിവസത്തിനുള്ളിൽ യുക്രൈനുമായി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യയ്ക്കുമേൽ നൂറ് ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിന് മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. എന്തും നേരിടാൻ തങ്ങൾ തയ്യാറാണെന്നും ട്രംപിൻ്റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം അറിയാൻ റഷ്യയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

“യുഎസ് പ്രസിഡന്റിനെ എന്തിനു പ്രേരിപ്പിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലാകണം, പുതിയ ഉപരോധങ്ങളെ ഞങ്ങൾ നേരിടുമെന്നതിൽ എനിക്ക് സംശയമില്ല”- എന്നാണ്
ചൈനയിൽ നടന്ന 25-ാമത് ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ലാവ്‌റോവ് പ്രതികരിച്ചത്.

യുക്രെയ്‌നിലെ യുദ്ധം പുടിൻ അവസാനിപ്പിക്കാത്തതിൽ ട്രംപ് കടുത്ത അതൃപ്തിയിലാണ്. വെടിനിർത്തലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തിയെങ്കിലും അവ ഫലം കാണാതെപോകുന്നതിലും ട്രംപിന് അമർഷമുണ്ട്. ഇതിന് പിന്നാലെയാണ് താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകിയത്.

“പ്രസിഡന്റ് പുടിനിൽ ഞാൻ വളരെ നിരാശനാണ്. അദ്ദേഹം പറയുന്ന വാക്കിന് വില കല്പ്പിക്കുന്ന ഒരാളാണെന്നാണ് ഞാൻ കരുതിയത്. പകൽ അദ്ദേഹം വളരെ മനോഹരമായി സംസാരിക്കും, രാത്രിയിൽ ആളുകളെ ബോംബാക്രമണത്തിൽ കൊലപ്പെടുത്തും. എനിക്കത് ഇഷ്ടമല്ല”- എന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, പുടിൻ്റെ നടപടികളിൽ താൻ സന്തുഷ്ടനല്ലെന്നും മോസ്കോയിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് ഏർപ്പെടുത്താനുള്ള നീക്കങ്ങളെ പറ്റി അദ്ദേഹം പറഞ്ഞത്. അതേസമയം റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രെയ്‌നിനെ പിന്തുണയ്ക്കാൻ നാറ്റോയ്ക്ക് അമേരിക്ക അയയ്ക്കുന്ന ആയുധങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനങ്ങളും ബാറ്ററികളും ഉൾപ്പെടുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH NEWS SUMMARY: Sergey Lavrov responds on Trump’s 100 % tariff threat to Russia

Share Email
Top