ഷാർജയിൽ മരിച്ച അതുല്യയുടെ ഫോറൻസിക് ഫലം പുറത്ത്; അസ്വാഭാവികതയില്ലെന്ന് റിപ്പോർട്ട്, മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാർജയിൽ മരിച്ച അതുല്യയുടെ ഫോറൻസിക് ഫലം പുറത്ത്; അസ്വാഭാവികതയില്ലെന്ന് റിപ്പോർട്ട്, മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ (30) ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നു. മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇതോടെ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ (ചൊവ്വാഴ്ച) നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ജൂലൈ 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ ഷാർജ പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഫോറൻസിക് പരിശോധന നടത്തിയത്.

അതുല്യയുടെ സഹോദരി അഖില ഗോകുൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഷാർജ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് സതീഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഫോറൻസിക് ഫലം ലഭിച്ചതോടെ മരണത്തിൽ ബാഹ്യ ഇടപെടലുകളില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നതെന്നാണ് സൂചന.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകൾ ഭർത്താവ് സതീഷ് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, ഭർതൃപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിൽ കേരളത്തിലെ തെക്കുംഭാഗം പോലീസ് ഭർത്താവിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം തുടരുമെന്നാണ് വിവരം.

Share Email
LATEST
More Articles
Top