ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നു

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നു

ഷാർജ : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നു. ഇന്ന് രാത്രിയോടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചേക്കും.

കൊല്ലം കേരളപുരം സ്വദേശിനിയായ വിപഞ്ചിക മണിയനെയും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയെയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഷാർജയിലെ അൽ നഹ്ദയിലുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർതൃപീഡനമാണ് മരണകാരണമെന്നും ആരോപിച്ച് കുടുംബം ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പോലീസിലും പരാതി നൽകിയിരുന്നു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനെച്ചൊല്ലി കുടുംബങ്ങൾക്കിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞദിവസം ദുബായിലെ ജബൽ അലി ന്യൂ സോനാപൂർ ശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം സംസ്കരിച്ചു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഫോറൻസിക് നടപടികൾ പൂർത്തിയായി.

ഇന്ന് രാവിലെ 10 മണിക്ക് ഷാർജയിൽ എംബാമിംഗ് നടപടികൾ പൂർത്തിയാക്കി, വൈകുന്നേരം 5.40നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപഞ്ചികയുടെ അമ്മ ഷൈലജയും സഹോദരനുമടക്കമുള്ള ബന്ധുക്കൾ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Share Email
LATEST
Top