ഷാർജ : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി.മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് മൃതദേഹം റീ-പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. ഇന്നലെ രാത്രിയോടെയാണ് വിപഞ്ചികയുടെ മൃതദേഹം ഷാർജയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.
ഈ മാസം എട്ടിനാണ് വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിപഞ്ചികയുടെ അമ്മ ഷൈലജ കൊല്ലം കുണ്ടറ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നിതീഷിനും അയാളുടെ കുടുംബാംഗങ്ങൾക്കുമെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. നിതീഷ് ഒന്നാം പ്രതിയും സഹോദരി നീതു രണ്ടാം പ്രതിയും അച്ഛൻ മൂന്നാം പ്രതിയുമാണ്.
വിപഞ്ചികയുടെ ലാപ്ടോപ്പും മൊബൈൽ ഫോണും മോഷണം പോയെന്നും ഫേസ്ബുക്കിലെ പോസ്റ്റുകൾ കാണുന്നില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പ് ഷാർജയിൽ വെച്ച് സംസ്കരിച്ചിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കണം എന്നായിരുന്നു വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതെങ്കിലും, ചില നിയമപരമായ തടസ്സങ്ങൾ കാരണം കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കേണ്ടി വരികയായിരുന്നു.