ന്യൂഡല്‍ഹി: അമേരിക്കയില്‍ വിദ്യാഭ്യാസത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുത്തനെ ഇടിവ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് വീസ അനുവദിക്കുന്നതിലുള്ള ഇടിവ് 27 ശതമാനമെന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അനുവദിച്ച സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ 27 ശതമാനം കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ച് മുതല്‍ മേയ് വരെ നല്‍കിയ എഫ്-1 വിസകളുടെ എണ്ണം കോവിഡിനു ശേഷമുള്ള ഈ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എ ത്തുകയും ചെയ്തു. ഫാള്‍ സെമസ്റ്ററില്‍ (ഓഗസ്റ്റ്/ സെപ്റ്റംബര്‍) പഠനം ആരംഭിക്കാന്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലാണ് വീസ അനുവദിക്കുക. സാധാരണയായി തിരക്കേറിയ സമയമാണ്.
എന്നാല്‍, ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മേയ് വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 9,906 എഫ്-1 (അക്കാദമിക്) വിസകളാണ് നല്‍കിയത്. 2023ല്‍ ഇതേ കാലയളവില്‍ 14,987 എഫ്-1 വിസകളും 2024ല്‍ 13,478 വിസകളും നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച 3572 എണ്ണത്തിന്റെ കുറവാണ് ഈ വര്‍ഷം.
അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ കുറവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷെഡ്യൂളിംഗ് നയങ്ങള്‍ ലംഘിച്ച ഏകദേശം 2,000 വിസ അപ്പോയിന്‍മെന്റുകൾ ഇന്ത്യയിലെ യു.എസ് എംബസി അടുത്തയിടെ റദ്ദാക്കിയിരുന്നു.
sharp-decline-in-indian-student-visas-to-the-us-13478-f-1-visas-were-issued-from-march-to-may-last-year-9906-were-issued-this-year