ശശി തരൂർ നേരിടുന്നത് ‘ഉയരക്കൂടുതലിന്റെ’ പ്രശ്‌നം: അടൂർ ഗോപാലകൃഷ്ണൻ

ശശി തരൂർ നേരിടുന്നത് ‘ഉയരക്കൂടുതലിന്റെ’ പ്രശ്‌നം: അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ നേരിടുന്നത് ‘ഉയരക്കൂടുതലിന്റെ’ പ്രശ്നമാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ശശി തരൂരിനെ ഉൾക്കൊള്ളാൻ പലർക്കും വലിയ ബുദ്ധിമുട്ടാണ്. ശരാശരി ആളുകളുടെ ഉയരം വരെയാകാം. നല്ല ഉയരമുള്ള ആളുകൾ വരുമ്പോൾ വലിയ പ്രശ്നമാണ്. ശശി തരൂരും ഈ പ്രശ്നത്തിലാണ് പെട്ടിരിക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരത്ത് വെച്ച് ശശി തരൂരിന് പി. കേശവദേവ് പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലാണ് അടൂരിന്റെ ഈ പരാമർശം.

“നമ്മൾ വിചാരിച്ചാലൊന്നും തരൂരിന്റെ പൊക്കം കുറയ്ക്കാൻ സാധിക്കില്ല. ഏത് രംഗത്തായാലും വെട്ടിനിരത്തലാണ് മലയാളിയുടെ യഥാർത്ഥ സ്വഭാവം. അത് മലയാളിയുടെ ജീനിലുള്ളതാണ്. ആകാശം കാണാതെ ജീവിക്കുന്ന ജനതയാണ് മലയാളി എന്നതാണ് അതിനൊരു കാരണം. നമ്മൾ ആകാശമേ കാണുന്നില്ല. പൊട്ടോ പൊടിയോ ഒക്കെയാണ് കാണുന്നത്. ശരാശരിക്കാരനെ മാത്രമേ അംഗീകരിക്കൂ,” അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിലായാലും പൊതുജീവിതത്തിലായാലും തരൂരിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണമെന്നും അടൂർ ആഹ്വാനം ചെയ്തു. കോൺഗ്രസും തരൂരും തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ തുടരുന്നതിനിടെയാണ് അടൂരിന്റെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.

പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ ഏർപ്പെടുത്തിയ കേശവദേവ് സാഹിത്യപുരസ്‌കാരമാണ് ശശി തരൂര്‍ എം.പി ഏറ്റുവാങ്ങിയത്. ‘വൈ ഐ ആം ഹിന്ദു’, ‘ദി ബാറ്റില്‍ ഫ് ബിലോങിങ്’ തുടങ്ങിയ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂരിന് അവാര്‍ഡ്. 50000 രൂപയും ബി.ഡി. ദത്തന്‍ രൂപകല്പനചെയ്ത ശില്പവുമടങ്ങിയതാണ് പുരസ്‌കാരം.

ആരോഗ്യമേഖലക്കുള്ള പി. കേശവദേവ് ഡയബ്സ് സ്‌ക്രീന്‍ പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബല്‍ ഹെല്‍ത്ത് ലീഡറുമായ ഡോ. ബന്‍ഷി സാബുവിന് സമ്മാനിച്ചു. അഹമ്മദാബാദ് ഡയാകെയര്‍ ഡയബറ്റിസ് ആന്‍ഡ് ഹോര്‍മോണ്‍ ക്ലിനിക് ചെയര്‍മാനാണ് ഡോ. ബന്‍ഷി സാബു.

തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനിൽ വെച്ച് നടന്ന കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വെച്ചാണ് പുരസ്‌കാരം വിതരണം ചെയ്തത്. കേശവദേവ് ട്രസ്റ്റ് മനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ.ജോർജ് ഓണക്കൂർ, ഡോ. വിജയകൃഷ്ണൻ, നടൻ മണിയൻപിള്ള രാജു, സുനിതാ ജ്യോതിദേവ്, ഡോ.അരുൺശങ്കർ തുടങ്ങിയവർ സംസാരിച്ചു.

Shashi Tharoor faces the problem of ‘excessive height’: Adoor Gopalakrishnan

Share Email
Top