മെഡിക്കൽ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറയ്ക്കലി്ന് കാരണം കാണിക്കൽ നോട്ടീസ്

മെഡിക്കൽ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറയ്ക്കലി്ന്   കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ ഉപകരണങ്ങളുടെ അഭാവം പരസ്യമാക്കിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ കാരണം കാണിക്കൽ നോട്ടീസ്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ ഈ നടപടി.

ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടി വന്നുവെന്നും, ഉപകരണങ്ങൾ എത്തിക്കാൻ ഒരു രൂപയുടെ പോലും പർച്ചേസിങ് പവർ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരോടും രാഷ്ട്രീയക്കാരോടും അപേക്ഷിച്ച് മടുത്തുവെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയിരുന്നു. ഈ വിവരം തുറന്നുപറയാൻ മറ്റ് മാർഗ്ഗമില്ലാതിരുന്നതുകൊണ്ടാണ് താൻ ഇത് ചെയ്തതെന്നും എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഡോക്ടറുടെ വാദം അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവകുപ്പ് ആദ്യം നിലപാടെടുത്തത്. തുടർന്ന്, വിഷയത്തിൽ വിദഗ്ധസമിതി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി തെളിവ് ശേഖരിക്കുകയും ആശുപത്രി വികസനസമിതിയുടെ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ശസ്ത്രക്രിയാ വിവരങ്ങളും സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Share Email
Top