മുഴുവന്‍ സമയവും ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഈ മുന്നറിയിപ്പ് നിങ്ങള്‍ക്കുള്ളതാണ്. കൂടുതല്‍ സമയം ഇരിക്കുന്നവരെ ഭാവിയില്‍ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് ഒരു പഠനം പറയുന്നു.
നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ കായികാധ്വാനം ഇല്ലാതെ കൂടുതല്‍ നേരം ഇരിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍ ഉള്ളതായി ‘കാര്‍ഡിയോവാസ്‌കുലര്‍ ക്വാളിറ്റി ആന്‍ഡ് ഔട്ട്കംസ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിഹേവിയറല്‍ മെഡിസിനില്‍ അസോസിയേറ്റ് പ്രൊഫസറായ കീത്ത് ഡയസ് ആണ് പഠനം പ്രസിദ്ധികരിച്ചിട്ടുള്ളത്.
ശരാശരി 62 വയസ്സ് പ്രായമുള്ള നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 609 രോഗികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ആശുപത്രി വിട്ടതിനുശേഷം 30 ദിവസത്തേക്ക് ശാരീരിക അധ്വാനം റെക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഒരു ഉപകരണം ധരിക്കാന്‍ ഈ രോഗികളോട് ഗവേഷകര്‍ നിര്‍ദ്ദേശിച്ചായിരുന്നു പഠനം നടത്തിയത്. ഓരോ ദിവസവും ഇവര്‍ എത്രനേരം ഇരിക്കുന്നു, എത്ര നേരം ഉറങ്ങുന്നു തുടങ്ങിയ കാര്യങ്ങള്‍ ഈ മോണിറ്റര്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ രോഗികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഒരു വര്‍ഷം വരെ ഇവരെ നിരീക്ഷിച്ചു.
ഇതില്‍ 15 മണിക്കൂറിലധികം നേരം പ്രതിദിനം ഒന്നും ചെയ്യാതെ ഇരുന്നവര്‍ക്ക് ആശുപത്രി വിട്ടശേഷമുള്ള ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് കണ്ടെത്തി. മരിക്കാനുള്ള സാധ്യത വരെയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഉറങ്ങുന്ന സമയം ഉള്‍പ്പെടുത്താതെയാണ് ഈ 15 മണിക്കൂര്‍ നേരം എടുത്തത്. 12 മണിക്കൂര്‍ ഇരിക്കുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
കൂടുതല്‍ നേരം ഇരിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് രേഖപ്പെടുത്തുക മാത്രമല്ല പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കന്‍ രോഗികള്‍ എന്ത് ചെയ്യുന്നുവെന്നുള്ളതും പഠന വിഷയമായിരുന്നു.
30 മിനിറ്റ് വെറുതേ ഇരിക്കുന്ന സമയത്തിന് പകരം വേഗത്തിലുള്ള നടത്തം അല്ലെങ്കില്‍ ഓട്ടം പോലുള്ള മിതമായതോ ഊര്‍ജ്ജസ്വലമായതോ ആയ വ്യായാമം ഏറ്റവും പ്രയോജനകരമാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമുള്ള ഒരു വര്‍ഷത്തിനിടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനോ മരിക്കുന്നതിനോ ഉള്ള സാധ്യത 62 ശതമാനം കുറവാണെന്ന് കണ്ടെത്തി. എന്നാല്‍ 30 മിനിറ്റ് ഇരിക്കുന്ന സമയത്തിന് പകരം സാവധാനത്തിലുള്ള നടത്തം അല്ലെങ്കില്‍ വീട്ടുജോലി പോലുള്ളവ ചെയ്യുന്നവരിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഉള്ള സാധ്യത 50 ശതമാനം കുറയ്ക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടി.
ഉറക്കവും ആരോഗ്യകരമായ ഒരു ഓപ്ഷനാണെന്നാണ് പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്. 30 മിനിറ്റ് ഉദാസീനമായി ഇരിക്കുന്നതിന് പകരം ഉറങ്ങുകയാണെങ്കില്‍ അത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മരണത്തിനും ഉള്ള സാധ്യത 14 ശതമാനം കുറച്ചു.
യുഎസില്‍ പ്രതിവര്‍ഷം 80 ലക്ഷം ആളുകളെയാണ് അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിന്റെ സൂചന നല്‍കുന്ന നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആന്‍ജിന, ഹൃദയാഘാതം എന്നിവയടക്കം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അക്യൂട്ട് കൊറോണറി സിന്‍ഡ്രോം ഉള്ള രോഗികള്‍ക്ക് മികച്ച വൈദ്യചികിത്സ നല്‍കിയാലും ഹൃദയ സംബന്ധിയായ മറ്റൊരു പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗനിര്‍ണയം നടത്താതെ ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന നെഞ്ചുവേദനയുള്ള രോഗികള്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്. കാരണം അവരുടെ വിശദീകരിക്കാനാകാത്ത നെഞ്ചുവേദന കൂടുതല്‍ ഗുരുതരമായ ഹൃദയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഈ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ നെഞ്ചുവേദനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം രോഗിയുടെ രോഗനിര്‍ണയം മെച്ചപ്പെടുത്തുന്നതിന് ചെയ്യാവുന്ന കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
അക്യൂട്ട് കൊറോണറി സിന്‍ഡ്രോം ഉള്ള രോഗികള്‍ക്ക് വ്യായാമത്തെ ഭയമുണ്ടെന്നും അവര്‍ ഒരു ദിവസം 13 മണിക്കൂറിലധികം ഇരിക്കുന്നുണ്ടെന്നുമാണ് മുന്‍ ഗവേഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്.
സാധാരണ ജനങ്ങളില്‍ വ്യായാമക്കുറവ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗികള്‍ അറിയാതെ തന്നെ മറ്റൊരു ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നതാണ് ആശങ്കയ്ക്ക് കാരണം. വ്യായാമം ഇല്ലായ്മ രോഗികളെ ദോഷകരമായി ബാധിക്കുന്നതായി പഠനം പറയുന്നു. എന്നാല്‍ രോഗികള്‍ ഇരിക്കാനെ പാടില്ലെന്നല്ല പഠനം പറയുന്നത്. മറിച്ച് അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ചെറിയ ചലനങ്ങള്‍ ശരീരത്തിന് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ഏത് ചലനവും എത്ര തീവ്രമാണെങ്കിലും ഗുണം ചെയ്യും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്ന ആളുകള്‍ക്ക് വ്യായാമം ബുദ്ധിമുട്ടുള്ളതോ ഭയപ്പെടുത്തുന്നതോ ആയി തോന്നുന്നവരെ സംബന്ധിച്ച് ഈ പഠനം വളരെ പ്രസക്തമാണ്.
അതേസമയം അധിക നേരം ഇരിക്കുന്നത് എന്തുകൊണ്ടാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പേശികള്‍ രക്തത്തിലെ പഞ്ചസാരയുടെയും ലിപിഡിന്റെയും അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പേശികള്‍ ചലിക്കാതിരിക്കുമ്പോള്‍ ഉദാഹരണത്തിന് രോഗികള്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ ഇത് രക്തത്തിലെ പഞ്ചസാരയുടെയും ലിപിഡുകളുടെയും അളവില്‍ ദോഷകരമായ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് കരുതുന്നത്. ഇത് വീക്കം, ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍, അവയവങ്ങളുടെ കേടുപാടുകള്‍ എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസത്തില്‍ എത്രമാത്രം ചലനം ആവശ്യമാണെന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
Sitting for prolonged periods can lead to health problems, study finds.