സെക്രട്ടേറിയറ്റിലും പാമ്പ്! വനിതാ പോലീസുകാരിക്ക് പാമ്പുകടിയേറ്റു

സെക്രട്ടേറിയറ്റിലും പാമ്പ്! വനിതാ പോലീസുകാരിക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം:  സെക്രട്ടേറിയറ്റില്‍ പാമ്പിന്റെ വിളയാട്ടം.സെക്രട്ടേറിയറ്റില്‍ സുരക്ഷാ ജോലിക്കുണ്ടായിരുന്ന വനിതാ പോലീസുകാരിക്കു പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പാമ്പുകടിയേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ നാലു മാസത്തിലധികമായി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് സുരക്ഷാ ജോലിയുടെ ഭാഗമായി രാത്രിയില്‍ 10 വനിതാ പോലീസുകാരെ വീതം ജോലിക്കു നിയോഗിച്ചിരുന്നു. എട്ടുപേര്‍ സമരപന്തലിനോടു ചേര്‍ന്നും രണ്ടു പേര്‍ സെക്രട്ടേറിയറ്റിന് അകത്തുമാണ് ജോലിക്കായി ഉണ്ടായിരുന്നത്. ഇതില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ജോലി നോക്കിയിരുന്ന വനിതാ ഉദ്യോഗസ്ഥയ്ക്കാണ് പാമ്പുകടിയേറ്റത്.

ആശാ വര്‍ക്കര്‍മാരുടെ സമര സ്ഥലത്തിനു പിന്നില്‍ സെക്രട്ടേറിയറ്റ് പരിസരത്തു വനം വകുപ്പിന്റെ സര്‍പ്പയജ്ഞ സംഘം ഇന്നലെ നടത്തിയ പരിശോധനയില്‍ പാമ്പിനെ പിടികൂടി. സെക്രട്ടേറിയറ്റ് പരിസരത്തെ തൊടിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന പ്രദേശത്ത് ഇന്നലെ വൈകുന്നേരം ആറിനു തുടങ്ങിയ പരിശോധനയിലാണ് പാമ്പിനെ പിടികൂടിയത്.

സെക്രട്ടേറിയറ്റ് പരിസരത്തെ കാടു വെട്ടിത്തെളിക്കണമെന്നു ജീവനക്കാരുടെ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്നാണു പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയറ്റിലെ ഓഫിസുകളില്‍ പാമ്പിനെ കണ്ട സംഭവങ്ങളുമുണ്ടായിരുന്നു. പഴയ നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്ന ഓഫിസിലും ദര്‍ബാര്‍ ഹാളിനു പിന്‍വശത്തെ ഓഫിസിലുമാണ് പാമ്പിനെ കണ്ടത്.

Snakes in the Secretariat too! Female policewoman bitten by snake


Share Email
LATEST
More Articles
Top