ഹൂസ്റ്റൺ: സൗത്ത് ടെക്സസ് ആസ്ഥാനമാക്കി ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകരുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) പുതിയ ഭാരവാഹികൾ പ്രവർത്തന മികവുമായി മുന്നോട്ട്. ജോർജ് ജോസഫ് (പ്രസിഡന്റ്), സക്കറിയ കോശി (എക്സിക്യൂട്ടീവ് ഡയറക്ടർ), ചാക്കോ തോമസ് (സെക്രട്ടറി), സാം ജേക്കബ് (ഫിനാൻസ് ഡയറക്ടർ), ജെയിംസ് വെട്ടിക്കനാൽ (ജോയിന്റ് സെക്രട്ടറി), സജു കുര്യാക്കോസ് (ജോയിന്റ് ഫിനാൻസ് ഡയറക്ടർ), ജിജി ഓലിക്കൻ (ഓഡിറ്റർ) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയാണ് SIUCC-യുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ നേതൃത്വം നൽകുന്നത്.
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ബിസിനസ് സംരംഭകർക്ക് കാലോചിതമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി 2008-ൽ രൂപീകൃതമായ സംഘടനയാണ് സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ്. തുടക്കം മുതൽ തന്നെ ബിസിനസ് രംഗത്തും സാമൂഹിക-സാംസ്കാരിക മേഖലകളിലും SIUCC മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈ മുന്നേറ്റങ്ങൾക്ക് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നുണ്ട്.
ജനപങ്കാളിത്തത്തോടെ അമേരിക്കൻ മലയാളികളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും, പ്രത്യേകിച്ച് ബിസിനസ് സമൂഹത്തിന്റെ സർവതോന്മുഖമായ വികസനം ലക്ഷ്യമിട്ട് അവരെ ശാക്തീകരിക്കുന്നതിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണിത്. ഈ പ്രവർത്തനങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക ഭരണാധികാരികളുമായി ഊഷ്മളമായ ബന്ധം സ്ഥാപിച്ചുകൊണ്ട് ബിസിനസിന്റെ പുതിയ മേഖലകൾ കണ്ടെത്താൻ സംഘടന പ്രതിജ്ഞാബദ്ധമാണ്. സംരംഭകർക്ക് കരുത്തേകാൻ യഥാസമയങ്ങളിൽ പരിശീലന പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം, ജന്മനാട്ടിലും കർമ്മഭൂമിയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് സജീവ സാന്നിധ്യമാണ്.
ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് ആത്മവിശ്വാസം പകരാൻ രൂപീകരിക്കപ്പെട്ട ചേംബർ, വിവിധ മേഖലകളിൽ അതിന്റെ സേവനം വ്യാപിപ്പിച്ചും യുവ സംരംഭകർക്കും വനിതാ സംരംഭകർക്കും ഒപ്പം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ബിസിനസുകാർക്കും ആശ്വാസഹസ്തമായും ജൈത്രയാത്ര തുടരുകയാണ്.
South Indian U.S. Chamber of Commerce moves forward under new leadership