വൈദ്യുതി അപകടങ്ങൾ: ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർക്ക് കർശന നടപടിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

വൈദ്യുതി അപകടങ്ങൾ: ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർക്ക് കർശന നടപടിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അടുത്തിടെ സംഭവിച്ച വൈദ്യുതി അപകടങ്ങളിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാൻ ഉന്നതതല യോഗം തീരുമാനിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാകും നടപടികൾ.

തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി മുഖ്യ സുരക്ഷാ കമ്മീഷണറുടെ അന്വേഷണത്തിൽ ജീവനക്കാർക്കെതിരെ നടപടികൾ ശുപാർശകളില്ല. സ്‌കൂളിന് മുകളിലൂടെയുള്ള വൈദ്യുത ലൈനുകൾ അപകടകരമാണെന്നും മാറ്റേണ്ടതുണ്ടെന്നും ജീവനക്കാർ തന്നെയാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. അതിനുമുമ്പ് തന്നെ അപകടമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തക്ക നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജില്ലാതലത്തിൽ വൈദ്യുതി സുരക്ഷയെ നിരീക്ഷിക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിലും ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ കൺവീനർഷിപ്പിലുമുള്ള സമിതി രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎമാരുടെയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ ജാഗ്രതാ സമിതികളും ഉണ്ടാകും. ഇതിനകം രൂപീകരിച്ച സമിതികൾ യോഗം ചേരാത്തത് സംബന്ധിച്ചും യോഗത്തിൽ ചർച്ചചെയ്തു. ഈ യോഗങ്ങൾ ഓഗസ്റ്റ് 15-നുമുമ്പ് ചേരേണ്ടതാണെന്ന് നിർദ്ദേശം നൽകി.

വൈദ്യുത ലൈനുകളുടെ പരിശോധന, അപകട സാധ്യതകൾ, തുടർനടപടികൾ എന്നിവ രേഖപ്പെടുത്തുന്നതിനായി സോഫ്റ്റ്‌വെയർ ഒരുക്കണമെന്ന കെഎസ്ഇബി ചെയർമാൻ മിർ മുഹമ്മദ് അലിയുടെ നിർദേശവും യോഗം അംഗീകരിച്ചു.

പുതിയ വൈദ്യുത ലൈനുകൾ എല്ലാം ഇനി മുതൽ കവചിത കണ്ടക്ടറുകൾ ഉപയോഗിച്ചായിരിക്കും നിർമ്മിക്കുക. വൈദ്യുത പോസ്റ്റുകളിൽ അനധികൃതമായി വലിച്ചിരിക്കുന്ന കേബിളുകൾ നീക്കാനും തീരുമാനിച്ചു.

ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ജി. വിനോദ്, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ആർ. ഹരികുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Electric Accidents: Strict Action Against Responsible Officials, Says Minister K. Krishnankutty

Share Email
LATEST
More Articles
Top