തമിഴ് സിനിമാ ഷൂട്ടിങ്ങിനിടെ കാർ കീഴ്‌മേൽ മറിഞ്ഞു; സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ചു (വിഡിയോ)

തമിഴ് സിനിമാ ഷൂട്ടിങ്ങിനിടെ കാർ കീഴ്‌മേൽ മറിഞ്ഞു; സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജ് മരിച്ചു (വിഡിയോ)

ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട് മാസ്റ്റർ എസ്.എം. രാജു എന്ന മോഹൻ രാജ് മരിച്ചു. പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘വേട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. കാർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം.

ആര്യ നായകനായുള്ള സിനിമയുടെ ചിത്രീകരണത്തിനിടെ, കാർ ചെയ്‌സ് ഷൂട്ട് ചെയ്യുമ്പോൾ നിയന്ത്രണം വിട്ട് എസ്.യു.വി. മറിയുകയായിരുന്നു. റാമ്പിൽ കയറി ചാടുന്ന സീൻ ചിത്രീകരിക്കുന്നതിനിടെ, റാമ്പിൽ കയറുന്നതിന് മുൻപ് നിയന്ത്രണം വിട്ട് കാർ കീഴ്‌മേൽ മറിയുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിൽ സംവിധായകൻ പാ. രഞ്ജിത്തിനും മറ്റു മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി.

സംവിധായകൻ പാ. രഞ്ജിത്ത്, സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.

പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ കാർ സ്റ്റണ്ട് നടത്തുന്നതിനിടെയാണ് അപകടം. റാംപിൽ കയറി ബാലൻസ് നഷ്ടപ്പെട്ട വാഹനം മറിയുകയും മുൻവശത്ത് ശക്തമായി ഇടിച്ചിറങ്ങുകയും ചെയ്യുകയായിരുന്നു.

നിരവധി സിനിമകളിൽ രാജുവിനൊപ്പം പ്രവർത്തിച്ച നടൻ വിശാൽ “എനിക്ക് രാജുവിനെ വർഷങ്ങളായി അറിയാം, എന്റെ സിനിമകളിൽ അദ്ദേഹം നിരവധി അപകടകരമായ സ്റ്റണ്ടുകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം വളരെ ധീരനായ വ്യക്തിയായിരുന്നു. എന്റെ അഗാധമായ അനുശോചനം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,” വിശാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

രാജുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്ന് വിശാൽ വാഗ്ദാനം ചെയ്തു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയും രാജുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘വേട്ടുവം’ ചിത്രം 2026-ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Stunt Master Mohan Raj Dies in Filming Accident; Car Overturns

Share Email
Top