അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിർണായകമായ ശാസ്ത്രപരീക്ഷണങ്ങൾ ആരംഭിച്ച് ശുഭാംശുവും സംഘവും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിർണായകമായ ശാസ്ത്രപരീക്ഷണങ്ങൾ ആരംഭിച്ച് ശുഭാംശുവും സംഘവും

ബെംഗളൂരു: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിർണായകമായ ശാസ്ത്രപരീക്ഷണങ്ങളിൽ മുഴുകി ശുഭാംശു ശുക്ലയും സംഘവും. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് പോകുന്നവർക്ക് സുസ്ഥിരവും പോഷകസമൃദ്ധവുമായ ഭക്ഷണം രൂപകല്പനചെയ്യാൻ സഹായിക്കുന്ന മൈക്രോ ആൽഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്. ഭക്ഷ്യയോഗ്യമായ മൈക്രോ ആൽഗെകൾ മൈക്രോ ഗ്രാവിറ്റിയിൽ വികിരണങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നാണ് പഠിക്കുന്നത്.

ഇതിനായി കൂടെ കൊണ്ടുപോയ മൈക്രോ ആൽഗെ സാംപിളുകൾ പുറത്തെടുത്ത് അതിന്റെ ചിത്രങ്ങൾ പകർത്തി. ഭാവിയിലെ ബഹിരാകാശ പരീക്ഷണങ്ങൾക്ക് മുതൽക്കൂട്ടാകുന്നതാണ് സൂക്ഷ്മജീവികളായ ആൽഗെകളെന്ന് ആക്‌സിയം സ്‌പെയ്‌സ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ബഹിരാകാശത്ത് മൈക്രോ ഗ്രാവിറ്റിയിൽ ശരീരപേശികൾക്കുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുന്നതിനുള്ള പരീക്ഷണം ശുഭാംശു കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ബഹിരാകാശ യാത്രികർക്കുണ്ടാകുന്ന പേശീസംബന്ധമായ അസുഖങ്ങളുടെ കാരണത്തിലേക്ക് വെളിച്ചംവീശുന്ന പരീക്ഷണമാണിത്.

നിലയത്തിലെ അഞ്ചാംദിവസമായിരുന്നു ശുഭാംശുവിനും സംഘത്തിനും തിങ്കളാഴ്ച. ആക്‌സിയം-4 ദൗത്യത്തിൽ വ്യാഴാഴ്ച വൈകീട്ട് 5.44-നായിരുന്നു നിലയത്തിലേക്കുള്ള പ്രവേശനം. മൈക്രോ ഗ്രാവിറ്റിയിൽ കംപ്യൂട്ടർ സ്‌ക്രീനുകൾ പോലുള്ള ഇലക്‌ട്രോണിക് ഡിസ്‌പ്ലേകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന പഠനം, ജലക്കരടി (വാട്ടർ ബെയർ) എന്ന സൂക്ഷ്മജലജീവികൾ മൈക്രോ ഗ്രാവിറ്റിയിൽ പ്രതികരിക്കുന്നതിന്റെ പഠനം, ജലത്തിൽ ജീവിക്കുന്ന പ്രകാശസംശ്ലേഷണശേഷിയുള്ള സയനോബാക്‌ടീരിയയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനം, ആറുതരം വിത്തുകളുടെ വളർച്ച, ഇലകളുടെ വികാസം എന്നിവയെക്കുറിച്ചുള്ള പഠനം, വിത്ത്‌ മുളപ്പിക്കൽ പരീക്ഷണം എന്നിവയാണ് ഐഎസ്ആർഒയ്ക്കുവേണ്ടി വരുംദിവസങ്ങളിൽ ശുഭാംശു നടത്താൻപോകുന്നത്.

കാൻസർകോശങ്ങൾ മൈക്രോ ഗ്രാവിറ്റിയുടെ സമ്മർദങ്ങളിൽ എങ്ങനെയാണ് പെരുമാറുന്നതെന്ന് കണ്ടെത്തുന്ന പരീക്ഷണമാണ് നിലയത്തിൽ നടക്കുന്ന മറ്റൊരു ഗവേഷണം. മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്‌സൺ നടത്തുന്ന ഗവേഷണം തീവ്ര കാൻസർ രോഗങ്ങൾക്കുള്ള ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാൻഫഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ഈ ഗവേഷണം. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ന്യൂറോ മോഷൻ വെർച്വൽ റിയാലിറ്റി ഗവേഷണം, ടെലിമെട്രിക് ഹെൽത്ത് എഐ പഠനം എന്നിവയ്ക്കും സംഘം തുടക്കമിട്ടു. മിഷൻ സ്‌പെഷ്യലിസ്റ്റ് സ്ലാവോസ് ഉസ്‌നൻസ്‌കി, മിഷൻ സ്‌പെഷ്യലിസ്റ്റ് ടിബോർ കാപു എന്നിവരും വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.

Subhanshu and team begin crucial scientific experiments on the International Space Station

Share Email
LATEST
More Articles
Top