രേണുകാസ്വാമി വധക്കേസ്; കന്നഡ നടൻ ദർശന് ജാമ്യം അനുവദിച്ച രീതിയിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി

രേണുകാസ്വാമി വധക്കേസ്; കന്നഡ നടൻ ദർശന് ജാമ്യം അനുവദിച്ച രീതിയിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി

ബംഗളൂരു: രേണുകാസ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ച രീതിയെക്കുറിച്ച് കോടതി വാക്കാൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ഹൈക്കോടതി വിവേചനാധികാരം പ്രയോഗിച്ച രീതിയിൽ “ഒട്ടും ബോധ്യപ്പെട്ടിട്ടില്ല” എന്ന് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ദർശനും മറ്റ് കൂട്ടുപ്രതികൾക്കും ജാമ്യം അനുവദിച്ച 2024 ഡിസംബർ 13 ലെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ർണാടക സർക്കാരിന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയും അനിൽ സി നിഷാനിയും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. കേസ് പരിഗണിക്കുന്നത് ജൂലൈ 22 ലേക്ക് കോടതി മാറ്റിവെച്ചിട്ടുണ്ട്.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെന്ന ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ 2024 ജൂൺ 11നാണ് കന്നഡ നടൻ ദർശനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ദർശൻ്റെ സുഹൃത്തും നടിയുമായ പവിത്ര ഗൌഡയ്ക്ക് സോഷ്യൽ മീഡിയ വഴി രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2024 ജൂൺ 9നാണ് യുവാവിൻ്റെ മൃതദേഹം ബംഗളൂരുവിന് അടുത്തുള്ള ഓടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം ലോകം അറിഞ്ഞത്.

കേസിൽ ദർശൻ, പവിത്ര അടക്കം പതിനഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് പവിത്രയെ ഒന്നാം പ്രതിയും ദർശനെ രണ്ടാം പ്രതിയുമാക്കി കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2024 ഒക്ടോബർ 30ന് ആരോഗ്യപരമായ കാരണങ്ങളാലാണ് നടന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Share Email
Top