കാഞ്ഞിരപ്പള്ളി : ടി.ജെ. കരിമ്പനാൽ (കരിമ്പനാൽ അപ്പച്ചൻ – 87) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കണ്ട ഏറ്റവും ധീരനും സാഹസികനുമായ വ്യക്തിയായിരുന്നു അദ്ദേഹം. 39 വർഷം മുമ്പ് കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണംവിട്ടു പാഞ്ഞ ഒരു ബസ്, തന്റെ ജീപ്പ് ഉപയോഗിച്ച് ഇടിച്ച് നിർത്തി 105 പേരുടെ ജീവൻ രക്ഷിച്ച ധീരനാണ് കരിമ്പനാൽ അപ്പച്ചൻ.
1986 നവംബറിലായിരുന്നു ഈ സംഭവം. പ്ലാന്ററായിരുന്ന ടി.ജെ. കരിമ്പനാൽ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്നു. മിലിട്ടറിയിൽനിന്ന് ലേലത്തിൽ വാങ്ങിയ ജീപ്പ് ഓടിച്ചു വരുന്നതിനിടെ കെ.കെ. റോഡിൽ മരുതുംമൂടിന് മുകളിലെ വളവ് തിരിഞ്ഞപ്പോൾ മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് ശബരിമല തീർത്ഥാടകരുടെ നിലവിളി കേട്ടു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഡ്രൈവർ ബസ് നിർത്താൻ പലവിധത്തിൽ ശ്രമിക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ, തന്റെ ഡ്രൈവറോട് ജീപ്പിനുള്ളിലൂടെ മുൻസീറ്റിലേക്ക് വരാൻ ആവശ്യപ്പെട്ട ശേഷം കരിമ്പനാൽ ബസിനെ ഓവർടേക്ക് ചെയ്തു. ബ്രേക്ക് പോയ ബസിന്റെ മുൻപിൽ ഒരാൾ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട് ബസ് ഡ്രൈവർ ആദ്യം അമ്പരന്നു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കരാട്ടെ ബ്രൗൺ ബെൽറ്റുമുണ്ടായിരുന്ന കരിമ്പനാൽ അപ്പച്ചൻ ജീപ്പ് ബസിനു മുന്നിൽക്കയറ്റിയ ശേഷം ഫോർ വീൽ ഡ്രൈവ് മോഡിലാക്കി വേഗം കുറച്ച് ബസിന്റെ മുൻഭാഗം ജീപ്പിന്റെ പിന്നിൽ ഇടിക്കാൻ അവസരം കൊടുത്തു.
തുടക്കത്തിൽ ആശയക്കുഴപ്പത്തിലായ ബസ് ഡ്രൈവർക്ക്, മുന്നിലെ ജീപ്പിലുള്ളയാൾ തങ്ങളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലായി. മനോധൈര്യത്തോടെ സാഹചര്യം മനസ്സിലാക്കിയ ബസ് ഡ്രൈവർ ജീപ്പിന്റെ പിന്നിൽ ബസ് കൃത്യമായി ഇടിപ്പിക്കാൻ ശ്രമിച്ചു. ജീപ്പിന്റെ പിന്നിൽ ബസ് ഇടിച്ചതോടെ കരിമ്പനാൽ ജീപ്പ് ബ്രേക്ക് ചെയ്തു. ഇതോടെ ജീപ്പും ബസും നിന്നു. കുമളിയിൽനിന്ന് എരുമേലിയിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസായിരുന്നു അത്.
തിരുവനന്തപുരം സി.ഇ.ടി. കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം കരിമ്പനാൽ അപ്പച്ചൻ ജർമനിയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ, സഹോദരന് അപകടമുണ്ടായതിനെ തുടർന്ന് ഒരു വർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. കോളേജ് പഠനകാലം മുതലേ കൃഷിയിൽ താൽപര്യമുണ്ടായിരുന്ന അപ്പച്ചൻ പിന്നീട് മുഴുവൻസമയ പ്ലാന്ററായി മാറുകയായിരുന്നു.
കരിമ്പനാൽ അപ്പച്ചന്റെ സംസ്കാരം 2025 ജൂലൈ 7 തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടന്നു. ഭാര്യ അന്നമ്മ ആലപ്പുഴ പുളിങ്കുന്ന് കാഞ്ഞിക്കൽ കുടുംബാംഗമാണ്.
T.J. Karimpanal (Karimpanal Appachan) passed away