ഗസയിലെ ജബാലിയയില്‍ നടന്ന സൈനികപ്രവർത്തനത്തിനിടെ ഒരു ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. സംഭവം ഗസയുടെ വടക്കുപ്രദേശത്താണ് നടന്നത്.
ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് ഈ ആക്രമണത്തിന് ഉത്തരവാദികളാണെന്ന് ടെലിഗ്രാമിലൂടെ അറിയിച്ചു. “പ്രതിരോധസേന ടാങ്കിനെ ലക്ഷ്യമിട്ടതിനെത്തുടര്‍ന്നാണ് മൂന്ന് പേരും കൊല്ലപ്പെട്ടത്,” പ്രസ്താവനയില്‍ പറയുന്നു.
കൊല്ലപ്പെട്ടവരെ സൈന്യം തിരിച്ചറിയിച്ചിട്ടുണ്ട്: സ്റ്റാഫ് സാര്‍ജന്റ് ഷോഹാം മേനാഹെം (21), സാര്‍ജന്റ് ശ്ലോമോ ശ്രേം (20), സാര്‍ജന്റ് യൂലി ഫാക്ടര്‍ (19). മൂന്നുപേരും 401-ാം ബ്രിഗേഡിലെ 52-ാം ആർമര്‍ഡ് കോര്‍പ്‌സ് ബറ്റാലിയനില്‍ നിന്നുള്ളവരാണ്. ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനം സംഭവിച്ചത് ഓപ്പറേഷനൽ അപകടം മൂലമാണോയെന്ന് പ്രാഥമിക അന്വേഷണത്തില്‍ സംശയമുണ്ടായിട്ടുണ്ട്. ടാങ്കിനുള്ളിൽ ഒരു ഷെല്‍ പൊട്ടിയതാകാമെന്നും, എന്നാല്‍ ആക്രമണം ആന്റി-ടാങ്ക് മിസൈല്‍ ഉപയോഗിച്ചുള്ളതായിരിക്കാമെന്ന സാധ്യതയുമുണ്ടെന്നും അഭിപ്രായം ഉണ്ട് .
സൈന്യം സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
2023 ഒക്ടോബറില്‍ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 893 ഇസ്രായേല്‍ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഗസയിലെ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 58,386 പാലസ്തീനുകാരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ക്കിടയില്‍, ഇസ്രായേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുകയാണ്. യുദ്ധം അവസാനിപ്പിക്കലും, ഇസ്രായേല്‍ സൈന്യം പിന്മാറുന്നതും,ഗസയുടെ പുനര്‍നിര്‍മ്മാണവും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളാണ്.
Tank Explosion in Gaza: Three Israeli Soldiers Killed