പ്രൗഢമായ നേതൃനിരയെ അണിനിരത്തി കെഎച്ച്എൻഎയെ നയിക്കാൻ ‘ടീം ശക്തി ഫോർ ഐക്യം’

പ്രൗഢമായ നേതൃനിരയെ അണിനിരത്തി കെഎച്ച്എൻഎയെ നയിക്കാൻ ‘ടീം ശക്തി ഫോർ ഐക്യം’

കാലിഫോർണിയ: പ്രവാസി ഹൈന്ദവ സംഘടനയായ കെഎച്ച്എൻഎയുടെ (കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക) പുതിയ നേതൃത്വത്തിലേക്ക് ഒരു പിടി പുതിയ ആശയങ്ങളുമായി ‘ടീം ശക്തി ഫോർ ഐക്യം’ രംഗത്ത്. തങ്ങളുടെ സ്ഥാനാർത്ഥികളെ സമൂഹത്തിനു പരിചയപ്പെടുത്തുന്ന “അനുഗ്രഹ” സദസ്സ് കഴിഞ്ഞ ശനിയാഴ്ച നടന്നു. 25 വർഷം പിന്നിട്ട് സുവർണ്ണ ജൂബിലിയിലേക്ക് കടക്കുന്ന കെഎച്ച്എൻഎയെ നയിക്കാൻ പാരമ്പര്യത്തെയും കാലഘട്ടത്തിന്റെ മാറ്റങ്ങളെയും ഉൾക്കൊണ്ട് ഹൈന്ദവ മൂല്യങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു നേതൃനിരയെയാണ് ‘ടീം ശക്തി ഫോർ ഐക്യം’ മുന്നോട്ട് വെക്കുന്നത്.

കെഎച്ച്എൻഎയുടെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകിയ കാലിഫോർണിയയിൽ നിന്നുള്ള ആതിര സുരേഷിന്റെ നേതൃത്വത്തിലാണ് ‘ടീം ശക്തി ഫോർ ഐക്യം’ മത്സരരംഗത്ത് എത്തുന്നത്. കെഎച്ച്എൻഎയുടെ മൈഥിലി, ലോലിപോപ്പ് തുടങ്ങിയ പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആതിര സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും, സനാതന ധർമ്മ വിശ്വാസങ്ങൾക്കായി പ്രവർത്തിച്ച ന്യൂയോർക്കിൽ നിന്നുള്ള ഡോ. പത്മജ പ്രേം സെക്രട്ടറി സ്ഥാനാർത്ഥിയായും, അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് സുപരിചിതനായ രവി വെള്ളത്തേരി ട്രഷറർ സ്ഥാനത്തേക്കും, കെഎച്ച്എൻഎയുടെ തുടക്കം മുതൽ പ്രവർത്തിക്കുന്ന മഹാദേവ ശർമ്മ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായും, നിലവിലെ ഡയറക്ടർ ബോർഡ് അംഗം ഡോ. ഉമാ അയ്യർ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയായും, ഐടി പ്രൊഫഷണലായ ബിനു കമൽ ജോയിന്റ് ട്രഷറർ സ്ഥാനത്തേക്കും മത്സരിക്കുന്നു. ഈ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി സദസ്സിൽ പരിചയപ്പെടുത്തിയത് കഴിവുറ്റ ഒരു നേതൃനിരയുടെ നേർസാക്ഷ്യമായി.

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പാനലാണ് ‘ടീം ശക്തി ഫോർ ഐക്യം’ എന്ന കൂട്ടായ്മയുടെ മുതൽക്കൂട്ട്. ആചാര്യന്മാരുടെയും, സംഘടനയുടെ സ്ഥാപക നേതാക്കളുടെയും കെഎച്ച്എൻഎ കുടുംബാംഗങ്ങളുടെയും അനുഗ്രഹാശ്ശിസ്സുകളോടെ, മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ നിലവിളക്ക് തെളിയിച്ചാണ് അനുഗ്രഹ സദസ്സിന് തുടക്കം കുറിച്ചത്. സ്വാമി ചിദാനന്ദപുരി, സ്വാമി സച്ചിദാനന്ദ, മഹർഷി ശാന്താനന്ദ സരസ്വതി, ആറ്റുകാൽ തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ, സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ബിജെപി യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, ഉണ്ണികൃഷ്ണൻ ഗോപിനാഥൻ, എ. ജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

കെഎച്ച്എൻഎയുടെ ആദ്യകാലം മുതൽ പല പരിപാടികളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുള്ള ശശി മേനോൻ ആണ് ‘ടീം ശക്തി ഫോർ ഐക്യം’ മുന്നോട്ട് വെക്കുന്ന ട്രസ്റ്റി ബോർഡ് ചെയർ സ്ഥാനാർത്ഥി. ദീർഘകാലമായി കെഎച്ച്എൻഎയുടെ കുടുംബാംഗമായ ബാഹുലേയൻ രാഘവൻ ട്രസ്റ്റി സെക്രട്ടറിയായും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ഭാവി പരിപാടികളും നടപ്പിലാക്കാൻ പോകുന്ന ആശയങ്ങളും കൃത്യതയോടെ അവതരിപ്പിച്ച വേദിയിൽ നിരവധി പ്രമുഖർ ‘ടീം ശക്തി ഫോർ ഐക്യം’ എന്ന കൂട്ടായ്മക്ക് ആശംസകൾ അറിയിച്ചു.

ജാതിമതങ്ങൾക്കും സാമൂഹിക അന്തരങ്ങൾക്കും അതീതമായി, മറ്റുള്ളവരിലെ നന്മയെ അംഗീകരിച്ചും കഴിവുകളെ പ്രോത്സാഹിപ്പിച്ചും, വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങൾക്കോ സംഘടനയുടെ മൂല്യങ്ങളെ അടിയറവ് വെക്കാതെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുമെന്ന പ്രതിജ്ഞയെടുത്ത ‘ടീം ശക്തി ഫോർ ഐക്യം’ എന്ന കൂട്ടായ്മയെ വടക്കേ അമേരിക്കയിലെ ഹൈന്ദവ സമൂഹം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

‘Team Shakti for Unity’ to lead KHNA by mobilizing a strong leadership

Share Email
Top