കെസിഎല്ലില്‍ തിളങ്ങാന്‍ കൗമാര താരങ്ങള്‍, പ്രായം കുറഞ്ഞ താരമായി കെ ആര്‍ രോഹിത്

കെസിഎല്ലില്‍ തിളങ്ങാന്‍ കൗമാര താരങ്ങള്‍, പ്രായം കുറഞ്ഞ താരമായി കെ ആര്‍ രോഹിത്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കെ ആര്‍ രോഹിത്. നിരവധി കൗമാര താരങ്ങള്‍ ലീഗില്‍ ഇടം നേടി.
അഹ്മദ് ഇമ്രാന്‍, ആദിത്യ ബൈജു, ഏദന്‍ ആപ്പിള്‍ ടോം, ജോബിന്‍ ജോബി, വിഷ്ണു മേനോന്‍ രഞ്ജിത്, രോഹിത് കെ ആര്‍ തുടങ്ങിയവരാണ് ചെറുപ്രായത്തില്‍ തന്നെ ലീഗിന്റെ ഭാഗമായിരിക്കുന്നത്. രണ്ടാം സീസന്റെ താരങ്ങളാകാനുള്ള തയാറെടുപ്പിലാണ് ഇവരെല്ലാം.

ഈ സീസണില്‍ കെസിഎല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തൃപ്പൂണിത്തുറ സ്വദേശിയായ കെ ആര്‍ രോഹിതാണ്. കുരുന്നു പ്രായത്തില്‍ തന്നെ മികച്ച ഇന്നിങ്‌സുകളിലൂടെ കേരള ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് രോഹിത്. തന്നെക്കാള്‍ മുതിര്‍ന്നവര്‍ക്കൊപ്പമായിരുന്നു രോഹിത് എന്നും കളിച്ചു വളര്‍ന്നത്. 16 ം വയസില്‍ കേരളത്തിനായി അണ്ടര്‍ 19 കളിച്ചു. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. രോഹിതിനെ 75000 രൂപയ്ക്കാണ് തൃശൂര്‍ ടീമിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന അഹ്മദ് ഇമ്രാനാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു യുവതാരം. രഞ്ജി ട്രോഫി സെമി ഫൈനലിലൂടെ കേരള സീനിയര്‍ ടീമിനായും അരങ്ങേറ്റം കുറിച്ചു.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അഹ്മദ് കേരളത്തിനായി അണ്ടര്‍ 14, 16,19, 23 വിഭാഗങ്ങളില്‍ കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിനൊപ്പം ഓഫ് സ്പിന്നറെന്ന നിലയിലും അഹ്മദ് മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തൃശൂര്‍ ടൈറ്റന്‍സിനായി മികച്ച പ്രകടനം കാഴ്ച വച്ച അഹ്മദ് ഇമ്രാന്‍ 229 റണ്‍സും അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ തിരികെപ്പിടിക്കുകയായിരുന്നു തൃശൂര്‍ ഇത്തവണ.

കേരളത്തിന്റെ ഭാവി ഫാസ്റ്റ് ബൗളിങ് പ്രതീക്ഷകളാണ് ഏദന്‍ ആപ്പിള്‍ ടോമും ആദിത്യ ബൈജുവും. പതിനാറാം വയസ്സില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഏദന്‍ ആപ്പിള്‍ ടോം. ആദ്യ മത്‌സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.

രഞ്ജിയില്‍ വിദര്‍ഭയ്‌ക്കെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലില്‍ അടക്കം ഏദന്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഒന്നര ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ ഏദനെ കൊല്ലം ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്. മറുവശത്ത് എംആര്‍എഫ് പേസ് ഫൌണ്ടേഷനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ താരമാണ് ആദിത്യ ബൈജു. കഴിഞ്ഞ സീസണില്‍ കുച്ച് ബിഹാര്‍ ട്രോഫി, വിനു മങ്കാദ് ട്രോഫി തുടങ്ങിയ ജൂനിയര്‍ ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ആദിത്യയെ ഒന്നര ലക്ഷത്തിനാണ് ആലപ്പി റിപ്പിള്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.

നിലവില്‍ കേരളത്തിന്റെ അണ്ടര്‍ 19 ടീമംഗമായ ജോബിന്‍ ജോബി കഴിഞ്ഞ കെസിഎല്‍ സീസണില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ്. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിന്‍ ഫാസ്റ്റ് ബൌളിങ് ഓള്‍റൌണ്ടര്‍ കൂടിയാണ്. കെസിഎ പ്രസിഡന്‍സ് കപ്പില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ ജോബിനായിരുന്നു പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ സീസണില്‍ 252 റണ്‍സുമായി തങ്ങള്‍ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ജോബിനെ 85000 രൂപയ്ക്ക് കൊച്ചി തന്നെ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ് ജോബിന്‍. തൃശൂര്‍ ടൈറ്റന്‍സിന്റെ വിഷ്ണു മേനോനും വെടിക്കെട്ട് ബാറ്ററെന്ന നിലയില്‍ ശ്രദ്ധേയനാണ്. ഇരുപതുകാരനായ വിഷ്ണുവിനെ 1.40 ലക്ഷത്തിനാണ് തൃശൂര്‍ ലേലത്തില്‍ സ്വന്തമാക്കിയത്.

Teenage stars to shine in KCL, KR Rohit becomes youngest player

Share Email
Top