ചെന്നൈ: ദക്ഷിണേന്ത്യയിലെ നിരവധി സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നിരോധിത സംഘടനയായ അൽ-ഉമയുടെ പ്രധാനിയുമായ അബൂബക്കർ സിദ്ദിഖ് (60) അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് തമിഴ്നാട് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിലെ നാഗൂർ സ്വദേശിയായ സിദ്ദിഖ് 1995 മുതൽ ഒളിവിൽ കഴിയുകയായിരുന്നു.
അൽ-ഉമ അടക്കമുള്ള നിരോധിത സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസുകളിൽ പ്രതിയാണ് ഇയാൾ. സിദ്ദിഖിനൊപ്പം 1999 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഹമ്മദ് അലിയെയും പോലീസ് പിടികൂടിയിട്ടുണ്ട്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി നടന്ന നിരവധി സ്ഫോടനക്കേസുകളിൽ പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. 1999ലെ ബെംഗളൂരു സ്ഫോടനം, 2011ൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസ് സ്ഫോടനം എന്നിവ ഇതിൽപ്പെടും. കൂടാതെ, നാഗൂരിലുണ്ടായ പാഴ്സൽ ബോംബ് സ്ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങൾ, ചെന്നൈ എഗ്മൂർ പോലീസ് കമ്മീഷണർ ഓഫീസ് സ്ഫോടനം, 2012ലെ വെല്ലൂർ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബെംഗളൂരുവിലെ മല്ലേശ്വരം ബി.ജെ.പി. ഓഫീസ് സ്ഫോടനം തുടങ്ങിയ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനുമാണ് സിദ്ദിഖ്.
അബൂബക്കർ സിദ്ദിഖിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ നിന്ന് ഇയാൾ പിടിയിലായത്. പിടിയിലായ ഇരുവരെയും ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അബൂബക്കറിനെ പിടികൂടാനായത് നിർണ്ണായക നേട്ടമാണെന്ന് എൻ.ഐ.എയും തമിഴ്നാട് പോലീസും അറിയിച്ചു.
Terrorist Abubakar Siddique arrested; 29 years of hiding life ends