ബ്രസാവില്ലെ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാൻഡയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉഗാണ്ടൻ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (ADF) ആണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളി സമുച്ചയം ആക്രമിച്ച ഭീകരർ വീടുകൾക്കും കടകൾക്കും തീയിടുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
പുലർച്ചെ ഒരു മണിയോടെ നടന്ന ആക്രമണത്തിൽ പള്ളിക്കുള്ളിലും പുറത്തും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ ഇരുപതിലേറെ പേർ വെടിയേറ്റാണ് മരിച്ചത്. വീടുകൾ കേന്ദ്രീകരിച്ച് നടന്ന ആക്രമണങ്ങളിൽ പൊള്ളലേറ്റാണ് കൂടുതൽ പേരും മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധി പേരെ കാണാതായെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും എ.പി റിപ്പോർട്ട് ചെയ്യുന്നു.
1990-കളിൽ ഉഗാണ്ടയിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് ADF. സ്വന്തം രാജ്യത്തെ സൈനിക സമ്മർദ്ദം കാരണം 2002-ൽ ഇവർ കോംഗോയിലേക്ക് താവളം മാറ്റുകയായിരുന്നു. ഐ.എസ് പോലുള്ള ഭീകരസംഘടനകളോട് കൂറ് പ്രഖ്യാപിച്ചിട്ടുള്ള സംഘടന കൂടിയാണ് ADF.
Terrorist attack on Christian church in Congo: 38 people killed