ന്യൂഡൽഹി: പാക്കിസ്ഥാനിലിരുന്ന് ഇന്ത്യയ്ക്കെതിരേ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന കൊടും ഭീകരനും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിൻ്റെ തലവനുമായ മസൂദ് അസ്ഹർ ഇപ്പോഴും പാക്ക് അധിനിവേശ കാശ്മീരിലെന്ന് റിപ്പോർട്ട്. അസ്ഹർ അഫ്ഗാനിസ്ഥാനിൽ ആണെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. ഇത് തെറ്റാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മസൂദ് അസ്ഹറിനെ പാക്ക് അധീന കശ്മീരിൽ ഉള്ളതായി വിവരങ്ങൾ പുറത്തു വന്നു. ഭീകര കേന്ദ്രമായ ബഹാവൽപുരിൽ നിന്ന് 1,000 കിലോമീറ്റർ അകലെ പാക്ക് അധീന കശ്‌മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ മസൂദിനെ കണ്ടതായാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അസ്ഹറിന്റെ നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്.
ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ സ്കർദുവിലുള്ള സദ്‌പാറ റോഡ് സമീപത്താണ് അസ്ഹറിനെ കണ്ടത് എന്നാണു വിവരം. അസ്ഹർ അഫ്ഗാനിസ്ഥാനിലാണെന്നാണ് പാക്കിസ്ഥാൻ പ്രചരണം നടത്തിയിരുന്നത്എ.ന്നാൽ ആ പ്രചരണങ്ങൾ അസ്ഥാനത്താക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അമേരിക്കയും ഇന്ത്യയും അസറിന് ഉപരോധം ഏർപ്പെടുത്തിയിട്ടുമുണ്ട്.
അസ്ഹർ പാക്കിസ്ഥാനിലെത്തിയാൽ പിടികൂടി ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക്ക് മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു.പാക്ക് അധിനിവേശ കാശ്മീരിൽ അസറിനെ കണ്ടതിനു പിന്നാലെ, അസ്ഹർ ഇപ്പോഴും തന്റെ സ്‌ഥിരം താവളമായ ബഹാവൽപുരിൽ തന്നെയാണെന്ന് വരുത്തിത്തീർക്കാൻ ജയ്ഷെ പ്രവർത്തകർ ശ്രമം നടത്തുന്നുണ്ട്.
പഴയ പ്രസംഗങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് അയാൾ ഇപ്പോഴും ബഹാവൽപുരിൽ തന്നെയാണ് എന്ന തരത്തിലുള്ള വിവരങ്ങളാണ് അവർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത്.
Terrorist Masood Azhar reportedly seen in Pakistan-occupied Kashmir