ടെക്സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ വടംവലി: ഹൂസ്റ്റൺ കായിക മാമാങ്കത്തിന് ഒരുങ്ങുന്നു

ടെക്സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ വടംവലി: ഹൂസ്റ്റൺ കായിക മാമാങ്കത്തിന് ഒരുങ്ങുന്നു

ഹൂസ്റ്റൺ:  ടെക്സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ് അഥവാ TISAC, വടക്കേ അമേരിക്കയിൽ പ്രവർത്തിക്കുന്ന ഏറ്റവും സജീവവും വലിയ സ്വാധീനവുമുള്ള മലയാളി സംഘടനകളിലൊന്നാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി രജിസ്റ്റർ ചെയ്തിട്ടുള്ള TISAC, സമൂഹസേവനത്തിലും കായിക, സാംസ്കാരിക പ്രവർത്തനങ്ങളിലുമുള്ള മികവിന് ഒരു മാതൃകയാണ്.

   

ടെക്സാസ് ഇന്റർനാഷണൽ സ്‌പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ നടത്തുന്ന നാലാം സീസൺ അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാൻ ഹൂസ്റ്റൺ നഗരം ഒരുങ്ങുന്നു. ഓഗസ്റ്റ് 9-ന് ശനിയാഴ്ച ഫോർട്ട് ബെൻഡ് കൗണ്ടി എപ്പിസെന്ററിൽ (ഇൻഡോർ എയർ കണ്ടീഷനിംഗ് സൗകര്യങ്ങളോടെ ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വേദി) വടംവലിയോടൊപ്പം ടെക്സാസിലെ കലാകായിക പ്രേമികളെ ആകർഷിക്കാൻ വൈവിധ്യമാർന്ന പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇത് അമേരിക്കയിലെ ആദ്യത്തെ ഇൻഡോർ വടംവലി മത്സരമായി ചരിത്രത്തിൽ ഇടംനേടുമെന്ന് സംഘാടകർ അറിയിച്ചു.

പ്രസിഡന്റ് ഡാനി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ടിസാക് ഡയറക്ടർ ബോർഡ് യോഗത്തിൽ, ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരായ ചാക്കോ മേടയിൽ, ലൂക്ക് കിഴക്കേപ്പുറത്ത്, ഡോ. സഖറിയാ തോമസ് (ഷൈജു), ജിജു കുളങ്ങര എന്നിവരെ ഇവന്റ് ചെയർമാൻമാരായി തിരഞ്ഞെടുത്തു. ഈ വർഷത്തെ സീസൺ 4 മത്സരം ഒരു ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ചുമതലയേറ്റ ഡോ. ഷൈജുവും ജിജുവും പറഞ്ഞു.

നിരവധി സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത UGM മൂവീസിന്റെ സ്ഥാപകൻ കൂടിയായ ഡോ. ഷൈജു ഹൂസ്റ്റണിൽ സുപരിചിതനാണ്. ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ ജിജു കുളങ്ങര മികച്ച സംഘാടകനും വ്യവസായ സംരംഭകനും മാധ്യമപ്രവർത്തകനുമാണ്.

യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി ടീമുകളാണ് വടംവലിച്ച് വിജയം പരീക്ഷിക്കാൻ എത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും കാഷ് അവാർഡുകൾ നൽകുന്ന ഈ വലിയ പരിപാടിക്ക് രണ്ടര ലക്ഷം ഡോളറാണ് ബജറ്റ് ചെയ്തിരിക്കുന്നതെന്ന് ചെയർമാൻമാർ അറിയിച്ചു.

കോട്ടയം സിഎംഎസ് കോളേജിലെ കലാകായിക മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനികളെ ഈ വർഷം ടിസാക് ചാരിറ്റി വിങ് സഹായിക്കും. പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തിൽ 35 ബോർഡ് ഓഫ് ഡയറക്ടർമാരടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു.

പ്രസിഡന്റ് ഡാനി വി. രാജുവിന്റെ ഊർജ്ജസ്വലമായ നേതൃത്വത്തിലാണ് TISAC മുന്നോട്ട് പോകുന്നത്. ബിസിനസ്, ഹെൽത്ത്‌കെയർ, ടെക്നോളജി, ഫിനാൻസ്, വിദ്യാഭ്യാസം, ആർട്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 35 പ്രൊഫഷണലുകളുടെ അർപ്പണബോധവും വൈദഗ്ധ്യവുമാണ് ഈ സംഘടനയുടെ ശക്തി.

ഇപ്പോൾ നാലാമത് അന്താരാഷ്ട്ര വടംവലി മത്സരം (ടഗ് ഓഫ് വാർ) സംഘടിപ്പിക്കുന്ന TISAC, ലോകോത്തര കായികമേളകളിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ്. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ ആഗോള തലത്തിൽ അവതരിപ്പിക്കുന്നതിന് തനതായ വള്ളംകളി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക, സാംസ്കാരിക മേളകളും TISAC ഒരുക്കുന്നു.

ഒരു കൂട്ടായ്മയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനോടൊപ്പം TISAC അംഗങ്ങൾ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഭവന നിർമ്മാണം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലെ ആഗോള ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാണ്. മാനവികതയോടുള്ള അവരുടെ അഗാധമായ പ്രതിബദ്ധത ഇതിലൂടെ പ്രകടമാക്കുന്നു.

ഇതുകൂടാതെ പ്രാദേശികമായി ചാരിറ്റി പ്രവർത്തനങ്ങളിലും TISAC തങ്ങളുടെ സ്വാധീനം അറിയിക്കുന്നു. ‘താങ്ക്സ്ഗിവിംഗ്’ ഭക്ഷ്യവിതരണവും മറ്റ് സാമൂഹിക സേവന പ്രവർത്തനങ്ങളും വഴി ദുരിതബാധിതർക്കും മറ്റ് സഹായം ആവശ്യമുള്ളവർക്കും സഹായഹസ്തം നൽകുന്നു.

TISAC ഏകതയുടെയും സേവനത്തിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ്. ഈ സംഘടനയുടെ അതുല്യമായ സംഭാവനകൾക്ക് ഇന്ന് ഞങ്ങളുടെ ആദരവ് അറിയിക്കുന്നു.

Texas International Sports and Arts Club’s Tug of War: Houston gears up for global sporting extravaganza

Share Email
Top