തിരുവനന്തപുരം: ഡോ. ഹാരിസിനെതിരെ പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും എം.വി ഗോവിന്ദനും ആരോഗ്യമന്ത്രിയും സംസാരിക്കുന്നതെന്നും സത്യം പറഞ്ഞ ഡോക്ടറെ വിരട്ടാനാണ് ഇവർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ
ആരോഗ്യമന്ത്രി ആദ്യം പറഞ്ഞതല്ല പിന്നീട് പറഞ്ഞത്. ആരോഗ്യമന്ത്രി പറഞ്ഞതല്ല. മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഇവരെല്ലാം സംസാരിക്കുന്നതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട്. ഇപ്പോള്‍ ഡോ ഹാരിസനിന്റെ ഡിപ്പാര്‍ട്‌മെന്റിലേക്കെങ്കിലും സാധനങ്ങള്‍ വിമാനത്തില്‍ കൊണ്ടുവന്നല്ലോ? അദ്ദേഹം സത്യമാണ് തുറന്നു പറഞ്ഞതെന്നു വ്യക്തമായല്ലോ. അദ്ദേഹം ഇടത് സഹയാത്രികനാണ്. കഴിഞ്ഞ അഴ്ചയും ഇടതു പക്ഷത്തിന് അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആളാണ്.
ഇടതപക്ഷ സഹയാത്രികനായ ആള്‍ക്ക് പോലും മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങള്‍ നിവൃത്തികേട് കൊണ്ട് തുറന്നു പറയേണ്ടി വന്നു. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നീട് സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതൊന്നും ശരിയല്ല. ഒരു സത്യം തുറന്നു പറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഇത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാത്രമല്ല കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്ഥിതി ദയനീയമാണ്. കഴിഞ്ഞ വര്‍ഷം മരുന്ന് വാങ്ങാന്‍ 936 കോടി രൂപ ആവശ്യമുണ്ടായിരുന്നതില്‍ 428 കോടി നല്‍കാനുണ്ട്. ഈ വര്‍ഷം 1015 കോടി നല്‍കേണ്ട സ്ഥാനത്ത് 315 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മാത്രം മരുന്ന് 1100 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. കുടിശിക വരുത്തിയതിനെ തുടര്‍ന്ന് മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ ഇപ്പോള്‍ അതിന് തയാറാകുന്നില്ല. ഇപ്പോള്‍ രോഗികള്‍ നൂലുമായി മെഡിക്കല്‍ കോളജിലേക്ക് പോകേണ്ട അവസ്ഥയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. പകര്‍ച്ച വ്യാധികള്‍ വ്യാപകമായി. ഇതൊന്നും തടയാനുള്ള ഒരു ശ്രമവുമില്ല. പി.ആര്‍ വര്‍ക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്. എന്ത് ചോദിച്ചാലും പതിനഞ്ച് വര്‍ഷം മുന്‍പുള്ള കാര്യമാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ 25 വര്‍ഷത്തെ കണക്കെടുക്കട്ടെ. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വര്‍ധിച്ചപ്പോഴാണ് സാധാരണക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്.
എന്താണ് സര്‍ക്കാരിന്റെ മുന്‍ഗണന? പാവങ്ങള്‍ക്ക് മരുന്ന് വാങ്ങി നല്‍കുന്നത് മുന്‍ഗണനയില്‍ ഇല്ലേ? മരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കേളജുകളും പ്രവര്‍ത്തിക്കുന്നത്? സത്യം തുറന്നു പറഞ്ഞവരെ ഭീഷണിപ്പെടുത്തരുത്. ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയുടെയും എം.വി ഗോവിന്ദന്റെയും സംസാരത്തിലുണ്ട്. അത് ശരിയല്ല.
ഡോക്ടറെ ചേര്‍ത്ത് പിടിക്കുകയും അദ്ദേഹം പറഞ്ഞ കാര്യത്തെ നിരാകരിക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. ആരോഗ്യരംഗത്ത് കേരളത്തിന് പണ്ടു മുതല്‍ക്കെ ഉണ്ടായിരുന്ന നല്ല പേരാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് കഴിഞ്ഞതിനു ശേഷം കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം നിയമസഭയിലും പുറത്തും ഗൗരവത്തോടെ ഉന്നയിക്കുന്നുണ്ട്. അത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഡോ ഹാരിസിന്റെ വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു
the-chief-minister-mv-govindan-and-the-health-minister-are-trying-to-scare-away-the-doctor-who-told-the-truth-satheesan