ക്രൈസ്‌തവ ജീവിതം ഒരു തീർത്ഥയാത്ര; “തീർത്ഥാടകന്റെ വഴി”യിലൂടെ അൽപനേരം

ക്രൈസ്‌തവ ജീവിതം ഒരു തീർത്ഥയാത്ര; “തീർത്ഥാടകന്റെ വഴി”യിലൂടെ അൽപനേരം

ജോർജ് തുമ്പയിൽ

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിലെ മുഖ്യ പ്രഭാഷകനായിരുന്ന മലങ്കര ഓർത്തഡോക്സ് സഭ വൈദിക അസോസിയേഷൻ ജനറൽ സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ്, “തീർത്ഥാടകന്റെ വഴി” എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടത്തിയ പ്രസംഗ പരമ്പര വലിയ ശ്രദ്ധ നേടി.

“ക്രൈസ്തവ ജീവിതം ഒരു തീർത്ഥയാത്രയാണ്. നദി ഒഴുകി ഒടുവിൽ സമുദ്രത്തിൽ ചേരുന്നതുപോലെ, ഓരോ ക്രൈസ്തവന്റെയും ജീവിതയാത്ര ക്രിസ്തുവിൽ ചെന്ന് ചേരേണ്ടതാണ്. ഈ ബോധ്യം ഓരോ ക്രൈസ്തവനും ഉണ്ടാകണം. രക്ഷയിലേക്കുള്ള മാനവരാശിയുടെ തീർത്ഥാടനം ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാകണം. ഒരു ക്രൈസ്തവൻ ആകുക എന്നാൽ തീർത്ഥാടകൻ ആകുക എന്നും അർത്ഥമുണ്ട്,” ഫാ. ഡോ. നൈനാൻ വി. ജോർജ് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ‘തീർത്ഥാടകന്റെ വഴി’ എന്ന ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരമ്പരയുടെ വിവിധ ഘട്ടങ്ങളിൽ പ്രസ്താവിച്ചു.

ദൈവം ആഗ്രഹിക്കുന്നത് നാം ദൈവത്തോടൊപ്പം ആയിരിക്കുവാനാണ്. ജീവിതത്തെ പവിത്രമായ ഒരു തീർത്ഥാടനമായി, ഓർത്തഡോക്സ് വീക്ഷണത്തിൽ കാണുവാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. തീർത്ഥാടകന്റെ വഴിയുടെ വിവിധ അർത്ഥതലങ്ങളെക്കുറിച്ച് ഫാ. ഡോ. നൈനാൻ വി. ജോർജ് വിവിധ ക്ലാസുകളിലായി വിശദീകരിച്ചു.

ക്രൈസ്തവന്റെ യാത്ര ക്രിസ്തുവിലേക്ക് അഥവാ ക്രിസ്തുവിനോടൊപ്പമുള്ള യാത്രയാണ്. കാലസമ്പൂർണ്ണതയിലേക്കുള്ള യാത്രയിൽ പിതാവിനോടും പുത്രനോടും ഒന്നിച്ചുള്ള തീർത്ഥാടനമാണത്. “ഞാനാരാണ്? ഞാനെന്താണ്?” എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായുള്ള ചിന്തകളാണ് തുടർന്നുള്ള ക്ലാസുകളിൽ നൈനാൻ അച്ചൻ പങ്കുവെച്ചത്.

ദൈവികതയിലേക്കുള്ള തീർത്ഥാടനത്തിലെ ഒരു അടയാളം മാത്രമാണ് വിശുദ്ധ പൗലോസ് അപ്പോസ്തോലൻ. എല്ലാം ക്രിസ്തുവിനുവേണ്ടി ഉപേക്ഷിച്ച അദ്ദേഹം വലിയ ഒരു പണ്ഡിതനുമായിരുന്നു. “സീയോൻ സഞ്ചാരി ഞാൻ, യേശുവിൽ ചാരി ഞാൻ പോകുന്നു, കുരിശിന്റെ പാതയിൽ,” വ്യാഴാഴ്ച ദൈവികതയിലേക്കുള്ള തീർത്ഥാടനത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക് അച്ചൻ പ്രവേശിച്ചപ്പോൾ ഈ ഗാനം എല്ലാവരും ഏറ്റുപാടി.

“തീർത്ഥാടകന്റെ വഴി”യുടെ അഞ്ച് വിഷയങ്ങൾ

‘തീർത്ഥാടകന്റെ വഴി’ എന്ന ചിന്താ വിഷയത്തെക്കുറിച്ചുള്ള പഠനത്തിന് നൈനാൻ അച്ചൻ അഞ്ച് പ്രധാന വിഷയങ്ങളാണ് പരാമർശിച്ചത്:

  1. ദൈവവചനത്തിൽ നിന്നുള്ള പേരുകൾ: വിശ്വാസികളുടെ പിതാവായ അബ്രഹാം സ്വന്ത ദേശം ഉപേക്ഷിച്ചു. യിസ്രായേല്യരാവട്ടെ മരുഭൂമിയിലൂടെ തീർത്ഥയാത്ര ചെയ്തു. യേശുവാകട്ടെ സർവ്വാധികാര തീർത്ഥാടകനായിരുന്നിട്ടും മാതാവിന്റെ ഗർഭപാത്രം മുതൽ തുടങ്ങിയ യാത്ര ബേത്ലഹേം, ഈജിപ്ത്, ഗലീലി താണ്ടി മാനവവംശത്തിന്റെ മുഴുവൻ വിടുതലിനായും തീർത്ഥാടനം നടത്തി.
  2. തീർത്ഥാടനത്തിന്റെ വ്യാപ്തി: മനുഷ്യവംശത്തിന്റെ രക്ഷയുടെ തീർത്ഥയാത്ര ക്രിസ്തുവിലേക്ക്, ക്രിസ്തുവിനോടൊപ്പമുള്ള തീർത്ഥയാത്രയാണ്. കാലസമ്പൂർണ്ണതയിലേക്കുള്ള തീർത്ഥയാത്രയിലൂടെ അനുദിനം ക്രിസ്തുവിനോടൊപ്പം ജീവിക്കേണ്ടവരാണ് നാം.
  3. തീർത്ഥാടകന്റെ ഗുണങ്ങൾ:
    • വിശ്വാസം: ദൈവത്തിലുള്ള തികഞ്ഞ വിശ്വാസം.
    • വിനയം: പരീശഭാവം വെടിഞ്ഞ് ജീവിക്കുക. ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടതും ഈ മനോഭാവത്തിലാണെന്ന് ഓർക്കുക.
    • സ്ഥിരത (Perseverance): നമുക്ക് വേണ്ടതും അതുതന്നെയാണ്. “നിന്റെ ഓട്ടം സ്ഥിരതയോടെ ഓടുക.”
    • സ്നേഹം: സ്വയം ഉപേക്ഷിക്കുന്ന സ്നേഹം. എല്ലാ ഭാരങ്ങളും വെടിഞ്ഞ് ക്രിസ്തുവിനോടൊപ്പം ജീവിക്കുക. അനുതാപത്തിന്റെ വഴികളിലേക്ക് വരിക.
  4. “മരുഭൂമിയിലെ പിതാക്കന്മാരുടെ” പഠിപ്പിക്കലുകൾ: തീർത്ഥാടക യാത്ര ഭൗതിക യാത്രയല്ല, പ്രത്യുത ഹൃദയത്തിന്റെ യാത്രയാണ്. നിശബ്ദതയിൽ പാർക്കുന്നവർ മൂന്നു യുദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു: കേഴ്വി, സംസാരം, കാഴ്ച.
  5. ദൈവരാജ്യത്തിനായി തീർത്ഥാടകർ ആത്മീയ മുന്നൊരുക്കം നടത്തുന്നു: സഭ ഒരു തീർത്ഥാടക സമൂഹമാണ്. ദൈവസന്നിധിയിലേക്ക് ഒരുമിച്ച് യാത്ര ചെയ്യണം. നമ്മുടെ കുടുംബങ്ങൾ തീർത്ഥാടക മനോഭാവത്തിൽ ജീവിക്കണം. ക്രിസ്തുവിന്റെ ഭാവം തന്നെ നമ്മിലുണ്ടാകണം.

വീണ്ടെടുപ്പിന്റെ പാതയും വെല്ലുവിളികളും

ഭക്തിയുടെ തീർത്ഥാടനം വീണ്ടെടുപ്പിന്റെ വഴിയിലൂടെയുള്ള യാത്രയാണ്. ദൈവം ആഗ്രഹിക്കുന്നത് നാം ദൈവത്തോടൊപ്പം ആയിരിക്കുവാനാണ്. പാപവഴികളിൽ നിന്ന് അകന്നിരിക്കാൻ ദൈവത്തോടൊപ്പം ആയിരിക്കുന്നത് പ്രധാനമാണ്. ആദാമിന്റെയും ഹവ്വയുടെയും പാപം മൂലം ആദി മാതാപിതാക്കൾ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അതായത് നമ്മുടെ കൈയിലിരിപ്പുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ദൈവത്തിന് ഒന്നും ചെയ്യാനാകില്ല. അനുതാപത്തിന്റെ വഴിയിലൂടെ, കണ്ണീരിന്റെ വഴിയിലൂടെയേ ദൈവിക വഴികളിലേക്ക് മടങ്ങിവരുവാൻ സാധിക്കുകയുള്ളൂ. ഇവിടെയാണ് വീണ്ടെടുപ്പിന്റെ വഴി തെളിയുന്നത്.

നഷ്ടപ്പെട്ട മഹത്വവസ്ത്രം തിരികെ കിട്ടുവാനായി നാം മാമ്മോദീസ ഏൽക്കുന്നു. ഇന്നത്തെ തലമുറയുടെ പ്രശ്നം പാപമില്ലായ്മയല്ല, പാപബോധമില്ലായ്മയാണ്. ജീവിതം ശിക്ഷയ്ക്കും പ്രതികാരത്തിനുമായി തീരരുത്. സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുക.

ആത്മനിയന്ത്രണം പാലിക്കുക, വിശ്വാസ കാര്യങ്ങളിൽ സംശയിക്കാതിരിക്കുക. ഇതൊക്കെ തീർത്ഥാടകന്റെ വഴിയിലെ വെല്ലുവിളികൾ തന്നെയാണ്. തിരുവെഴുത്തുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. “മിണ്ടാതിരുന്ന് ഞാൻ ദൈവമെന്ന് അറിയുക.” ദൈവത്തോട് സംസാരിക്കുവാൻ പഠിക്കുക, പരിശീലിക്കുക. വചനം കേട്ടാൽ ക്രിസ്തു ഹൃദയത്തിൽ ഉരുവാകണം. ക്രിസ്തുവിന്റെ കാൽപ്പാടുകൾ അഥവാ അടിപ്പാടുകളാണ് ദുഃഖങ്ങളിൽ നമ്മെ തോളിൽ വഹിക്കുന്നത്.

ലോകം അനിശ്ചിതമായി നിലനിൽക്കുമെന്ന് വിശ്വാസികളല്ലാത്തവർ കരുതുന്നുണ്ടാവാം. എന്നാൽ ഒരു ക്രൈസ്തവന് മഹത്തായ പറൂസിയ (Parousia) – ക്രിസ്തുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കാൻ കഴിയണം.

ഓരോ വിശ്വാസിയും ജീവിതത്തിൽ ബലപ്പെടേണ്ടത് ദൈവവചനത്തിലൂടെയും ദൈവികതയിലേക്കുള്ള തീർത്ഥാടനത്തിലൂടെയുമാണ്. ഒരു ക്രൈസ്തവനെ അവന്റെ ബലഹീനതകളിൽ ബലപ്പെടുത്തുന്നതാണ് ഇവ രണ്ടും എന്ന തികഞ്ഞ ബോധ്യത്തോടെയാണ് തീർത്ഥാടകന്റെ വഴി എന്ന വിഷയത്തെ ഫാ. ഡോ. നൈനാൻ വി. ജോർജ് ക്രോഡീകരിച്ചത്.

The Christian life is a pilgrimage; a short walk along the “pilgrim’s path”

Share Email
LATEST
More Articles
Top