ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി; 15 സദ്യാലയങ്ങൾ; ഒക്ടോബർ രണ്ടിന് സമാപിക്കും

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി; 15 സദ്യാലയങ്ങൾ; ഒക്ടോബർ രണ്ടിന് സമാപിക്കും

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് തുടക്കമായി. ഒക്ടോബർ രണ്ടിന് സമാപിക്കും. ആഗ്രഹ സഫലീകരണത്തിനായി അന്നദാനപ്രഭുവായ പാർത്ഥസാരഥിക്ക് സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യ.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും പള്ളിയോട സേവാസംഘവുമായി സഹകരിച്ചുള്ള പഞ്ചപാണ്ഡവ ക്ഷേത്രദർശന പാക്കേജിന്റെയും ആറന്മുള സദ്യയുടെയും ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ നിർവഹിച്ചു. കേരളത്തിന്റെ സംസ്കാരവും ആതിഥ്യമര്യാദയും കാണാൻ ഇപ്പോൾ ആറന്മുളയിലേക്ക് വരണമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ഇത്തരമൊരു വള്ളസദ്യ ലോകത്ത് മറ്റെവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആചാരങ്ങളും പ്രത്യേകതകളും

ആചാരങ്ങളുടെ അകമ്പടിയോടെയാണ് വള്ളസദ്യ വഴിപാട് ആരംഭിക്കുന്നത്. ഇതിനായി പള്ളിയോട കരയിൽ നിന്ന് അനുവാദം വാങ്ങിയ ശേഷമാണ് സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങുക. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്ന സങ്കൽപ്പത്തിലാണ് സദ്യ ഒരുക്കുന്നത്.

പുരോഹിതരില്ലാത്ത വഴിപാടാണ് ആറന്മുള വള്ളസദ്യയുടെ ഒരു പ്രധാന പ്രത്യേകത. വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ ക്ഷേത്രക്കടവിൽ എത്തുന്നു. വഴിപാടുകാർ ആചാരപ്രകാരം അവരെ സ്വീകരിച്ച് ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലെത്തി ചടങ്ങുകൾ നടത്തുന്നു. തുടർന്ന് വഞ്ചിപ്പാട്ട് പാടി വള്ളസദ്യ ആരംഭിക്കും.

പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ വഴിപാടുകാരൻ വിഭവങ്ങൾ എത്തിച്ചു നൽകുന്നതും ആചാരത്തിന്റെ ഭാഗമാണ്. ചോദിക്കുന്നതൊന്നും ഇല്ലായെന്ന് പറയാൻ പാടില്ല. ഊണ് കഴിയുന്നതുവരെ വളരെ ശ്രദ്ധയോടെ വിഭവങ്ങൾ വിളമ്പുന്നത് സദ്യയിലെ കൗതുകകരമായ കാര്യമാണ്. തുടർന്ന് ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോട കരക്കാർ മടങ്ങുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും.

റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ രണ്ട് ജില്ലകളിലായി 52 പള്ളിയോട കരകളാണ് വള്ളസദ്യയുടെ ഭാഗമാകുന്നത്.

ആറന്മുള വള്ളസദ്യ വിഭവങ്ങൾ

ക്ഷേത്രത്തിനകത്തും പുറത്തുമായി 15 സദ്യാലയങ്ങൾ ഒരുക്കിയിട്ടുണ്ട്.  സാധാരണ 18 തുടങ്ങി  44  വരെ വിഭവങ്ങളും, കൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിനത്തിൽ 54 മുതൽ 64 വിഭവങ്ങൾ വരെയും ഉണ്ടായിരിക്കും.  വള്ളസദ്യയ്ക്കു ആവശ്യമായ പാളതൈരു ആചാരപരമായി കോട്ടയം ജില്ലയിലെ ചേനപ്പാടിയിൽ നിന്നും കൊണ്ടുവരുന്നതാണ്.

പൊതുവേ 44 വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്. അതിൽ 20 വിഭവങ്ങൾ വഞ്ചിപ്പാട്ട് പാടി ചോദിക്കുന്നതാണ് പരമ്പരാഗതരീതി. പള്ളിയോട കരക്കാർ ഊട്ടുപുരയിൽ പാടി ചോദിക്കുന്നതനുസരിച്ച് വഴിപാടുകാരൻ വിളമ്പിനൽകുന്നു.

വിളമ്പുന്ന 64 വിഭവങ്ങൾ ഇവയാണ്: 1. ഏത്തക്ക ഉപ്പേരി, 2.ചേമ്പ് ഉപ്പേരി, 3.ചേന ഉപ്പേരി, 4.ചക്ക ഉപ്പേരി, 5.ശര്‍ക്കര വരട്ടി, 6.ഉണ്ണിയപ്പം, 7.പരിപ്പുവട, 8.എള്ളുണ്ട, 9.കല്‍ക്കണ്ടം, 10.മുന്തിരിങ്ങ, 11. അവല്‍, 12.മലര്‍, 13.കരിമ്പ്, 14.പഴംനുറുക്ക്, 15. മോദകം, 16. അവല്‍പ്പൊതി, 17. തേന്‍, 18. പഞ്ചസാര, 19. ഉണ്ടശര്‍ക്കര, 20. പഴം, 21. പര്‍പ്പടകം വലുത് ഒന്ന്, 22. പര്‍പ്പടകം ചെറുത് രണ്ട്, 23. അവിയല്‍, 24. കാബേജ് തോരന്‍, 25. ചുവന്ന ചീരത്തോരന്‍, 26. ഓമയ്ക്കാത്തോരന്‍, 27. തകരയില തോരന്‍, 28. ചുറ്റിക്കെട്ടിയ മടന്തയില തോരന്‍, 29. മധുരപ്പച്ചടി, 30. കിച്ചടി, 31. ചമ്മന്തിപ്പൊടി, 32. ഉപ്പുമാങ്ങ, 33. വഴുതനങ്ങ മെഴുക്ക്പുരട്ടി, 34. പാവയ്ക്ക മെഴുക്ക്പുരട്ടി, 35. ഇഞ്ചിത്തൈര്, 36. സ്റ്റൂ, 37. വറുത്ത എരിശ്ശേരി, 38. ഓലന് (ഉപ്പില്ലാതെ), 39. ഇഞ്ചി അച്ചാര്‍, 40. മാങ്ങാ അച്ചാര്‍, 41. നാരങ്ങാ അച്ചാര്‍, 42. നെല്ലിക്ക അച്ചാര്‍, 43. വെളുത്തുള്ളി അച്ചാര്‍, 44. അമ്പഴങ്ങ അച്ചാര്‍, 45. ചോറ്, 46. പരിപ്പ്, 47. നെയ്യ്, 48. വെണ്ണ, 49. സാമ്പാര്‍, 50. പുളിശ്ശേരി, 51. മോര്, 52. രസം, 53. മാമ്പഴപ്പുളിശ്ശേരി, 54. പാളത്തൈര്, 55. കട്ടത്തൈര്, 56. അടപ്രഥമന്‍, 57. കടലപ്രഥമന്‍, 58. പാല്‍പ്പായസം, 59. പഴം പ്രഥമന്‍, 60. അരവണപ്പായസം, 61. പടച്ചോറ്, 62. മധുരമുള്ള പശുവിന്പാല്‍, 63. ചൂടുവെള്ളം, 64. ചുക്കുവെള്ളം.

രുചിയുടെ പെരുമ കൊണ്ടുമാത്രമല്ല, പങ്കെടുക്കുന്ന ഭക്തരുടെ ബാഹുല്യം കൊണ്ടും ലോകത്തിലെതന്നെ ഒന്നാം സ്ഥാനത്തുള്ള ഭക്ഷണ മാമാങ്കമാകാം ആറന്മുള ക്ഷേത്രത്തിലെ ഈ വള്ളസദ്യ. ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതയും ഐതിഹ്യപെരുമയുമുള്ള വള്ളസദ്യ ആറന്മുളയെ ലോകപ്രശസ്തമാക്കുന്നു. തിരുവോണത്തോണിക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാർക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. ഇത് മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണ്.

വഴിപാടിന്റെ ചടങ്ങുകൾ

ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രത്തിൽ നടത്തുന്ന ആചാരനിബിഡമായ വള്ളസദ്യ ഉദ്ദിഷ്ടകാര്യത്തിനും, സന്താനലബ്ധിക്കും സർപ്പദോഷപരിഹാരത്തിനുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന ഒരു വഴിപാടാണ്. വഴിപാട് സമർപ്പിക്കുന്ന പള്ളിയോടക്കരയിൽ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങുന്നത്. വഴിപാട് നടത്തുന്ന ഭക്തൻ അന്നേ ദിവസം രാവിലെ ക്ഷേത്രത്തിൽ എത്തി കൊടിമരച്ചുവട്ടിൽ നിറപറ സമർപ്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. നിറയ്ക്കുന്ന രണ്ട് പറകളിൽ ഒരു പറ ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനും എന്നാണ് സങ്കൽപം.

ക്ഷേത്ര ശ്രീകോവിലിൽ നിന്നും മേൽശാന്തി പൂജിച്ചു നൽകുന്ന മാലയും, വെറ്റിലയും, പുകയിലയും ആയി അതത് പള്ളിയോടക്കരയിൽ എത്തി പള്ളിയോടത്തെ യാത്രയാക്കുന്നു. വഴിപാട് നടത്തുന്നയാൾ കരമാർഗ്ഗം ക്ഷേത്രത്തിലെത്തണം. തുടർന്ന് ആറന്മുളയുടെ തനിമയിലും, താളത്തിലുമുള്ള വഞ്ചിപ്പാട്ട് പാടിയാണ് പള്ളിയോടങ്ങൾ പമ്പാനദിയിലൂടെ തുഴഞ്ഞ് ആറന്മുള ക്ഷേത്രത്തിലെ വടക്കേ ഗോപുര നടയിലേക്കെത്തുന്നത്.

ആറന്മുള ക്ഷേത്രക്കടവിലടുക്കുന്ന പള്ളിയോടത്തിനെയും കരക്കാരെയും ക്ഷേത്ര അധികാരികളും, വഴിപാടുകാരും ചേർന്ന് അഷ്ടമംഗല്യം, വിളക്ക്, താലപ്പൊലി, വായ്ക്കുരവ, വെടിക്കെട്ട്, മുത്തുക്കുട എന്നിവയും, നാദസ്വര മേളത്തോടും കൂടി സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച് പള്ളിയോടത്തിൽ വന്നവരെ ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടിലേയ്ക്ക് ആനയിച്ച് കൊണ്ടുവരും. അപ്പോഴും പാട്ടുകാർ വള്ളപ്പാട്ട് പാടിക്കൊണ്ടിരിക്കും.

കൊടിമരച്ചുവട്ടിൽ പറയിട്ടിരിക്കുന്ന സ്ഥലത്തെത്തി വള്ളത്തിൽ കൊണ്ടുവന്ന മുത്തുക്കുട പാട്ടിന്റെ താളത്തിനനുസരിച്ച് വായുവിലാട്ടിയ ശേഷം മുത്തുക്കുട മടക്കി കൊടിമരച്ചുവട്ടിൽ നിറപറയുടെ അടുത്ത് വെക്കുന്നു. കൂടെ പള്ളിയോടം തുഴയുന്ന ഒരു നയമ്പും നടക്കൽ വെക്കുന്നു. പിന്നീട് എല്ലാവരും വള്ളപ്പാട്ട് പാടിക്കൊണ്ട് സദ്യ ഉണ്ണാൻ ഊട്ടുപുരയിലേയ്ക്ക് പോകുന്നു. ഇത് ഒരു പ്രധാന ചടങ്ങാണ്. വഴിപാടുകാരന്റെ കുടുംബക്കാരൊഴികെ എല്ലാവരും ഒരുമിച്ചാണ് ഉണ്ണാൻ ഇരിക്കുന്നത്. അതിനു ശേഷമേ വീട്ടുകാർ ഊണ് കഴിക്കാറുള്ളൂ.

സദ്യ കഴിഞ്ഞ് കരക്കാർ വീണ്ടും കൊടിമരച്ചുവട്ടിൽ എത്തുന്നു. അതിനു ശേഷം അവിടെ നിറച്ചുവെച്ചിരിക്കുന്ന പറ മറിയ്ക്കുന്നു. ഇതിനെ ‘പറ തളിയ്ക്കുക’ എന്നാണ് പറയുന്നത്. പള്ളിയോടക്കരക്കാർ ദക്ഷിണ വാങ്ങി വഴിപാടുകാരെ അനുഗ്രഹിക്കും. പിന്നെ വള്ളപ്പാട്ട് തുടങ്ങും. അഷ്ടമംഗല്യവും വിളക്കും നൽകി വീണ്ടും ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ച് വടക്കേ ഗോപുരത്തിലൂടെ വള്ളക്കടവിലേയ്ക്ക് ആനയിക്കുന്നു. തുടർന്ന് വഞ്ചിപ്പാട്ട് പാടി കരക്കാർ എല്ലാം പള്ളിയോടങ്ങളിൽ കയറി തിരികെ പോകുന്നു. അതിനു ശേഷം വള്ളസദ്യ നടത്തിയ വീട്ടുകാർ സദ്യ കഴിക്കുന്നു. ഇതോടെയാണ് വള്ളസദ്യയുടെ ചടങ്ങുകൾ അവസാനിക്കുക.

ഐതിഹ്യം

പാണ്ഡവരുടെ വനവാസക്കാലത്ത്, കൃഷ്ണൻ അർജുനനെ അനുഗ്രഹിക്കാനായി ആറന്മുളയിൽ എത്തിയതിന്റെ സ്മരണക്കായാണ് ഈ ചടങ്ങ് നടത്തുന്നത്. ആറ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടത്തിൽ നാരായണപുരത്ത് നിന്നും പമ്പയിലൂടെ യാത്ര തിരിച്ച കൃഷ്ണൻ എത്തിച്ചേർന്ന സ്ഥലമാണ് ആറന്മുളയായതെന്നാണ് ഐതിഹ്യം.

വള്ളസദ്യ ബുക്ക് ചെയ്യാം

വള്ളസദ്യ വഴിപാടിനായി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. www.aranmulaboatrace.com എന്ന വെബ്സൈറ്റിലോ 8281113010 എന്ന നമ്പറിലോ ബുക്കിങ്ങിനായി ബന്ധപ്പെടാവുന്നതാണ്.

The historic Aranmula ‘Vallasadya’ has begun; will conclude on October 2nd

Share Email
Top