കപ്പൽ മുങ്ങുന്നു, കപ്പിത്താൻ നാടുവിട്ടു

കപ്പൽ മുങ്ങുന്നു, കപ്പിത്താൻ നാടുവിട്ടു

കേരളത്തിന്റെ ആരോഗ്യ രംഗം ലോകത്തിന് മാതൃക എന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാജോർജും പല ആവർത്തി പറഞ്ഞപ്പോൾ അതു സത്യമാണെന്ന് വിശ്വസിച്ചവരാണ്, സത്യത്തിനും മാനുഷിക മൂല്യങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന മലയാളികൾ. പിണറായി സർക്കാർ തുടർച്ചയായി ഒൻപതാം വർഷം ഭരിക്കുമ്പോൾ പറയുന്നതിൽ എന്തൊങ്കിലുമൊക്കെ കാര്യമുണ്ടാകും എന്ന് പലരും വിശ്വസിച്ചു.
നമ്പർ വൺ കേരളം എന്ന് അവകാശപ്പെടുന്നതിൽ ആരോഗ്യമേഖലയിലെ പുരോഗതിയാണ് എടുത്തുകാട്ടിക്കൊണ്ടിരുന്നത്. പക്ഷെ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നു ചൊല്ലുപോലെയാണ് ഇപ്പോഴത്തെ സ്ഥിതി. ആരോഗ്യരംഗത്ത് സമർപ്പണ മനസോടെ സമയം പാഴാക്കാതെ ജനങ്ങളെ സേവിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ മാത്രം മതിയായിരുന്നു കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളിലെ ദുരവസ്ഥ പുറംലോകം അറിയാൻ. ശസ്ത്രക്രിയക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മുതൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് വരെ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ് നാണംകെട്ട് ഇറങ്ങിപ്പോന്ന തന്റെ അനുഭവം ഗത്യന്തരമില്ലാതെ ഡോക്ടർ വിളിച്ചു പറഞ്ഞു. വർഷത്തിൽ 361 ദിവസവും ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ ജോലി ചെയ്യുന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ, കേരളത്തിന്റെ ആരോഗ്യരംഗത്തെക്കുറിച്ച് ലോക മലയാളി സമൂഹം ഇതുവരെ കണ്ടതും കേട്ടതുമായ കാര്യങ്ങളുടെ പൊളിച്ചെഴുത്തായിരുന്നു. നമ്പർ വൺ എന്ന വാദത്തിന്റെ അടിസ്ഥാന ശിലയിളക്കുന്നതായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ അവസ്ഥ ലോകം അറിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ അമ്മയും കൂട്ടിരിപ്പുകാരിയുമായ ബിന്ദു മരണപ്പെട്ടത്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 65 വർഷത്തോളം പഴക്കുമുള്ള കെട്ടിടം ഇടിഞ്ഞു വീഴുമെന്ന് ഉറപ്പായതുകൊണ്ടാണ് പുതിയ കെട്ടിടം ആശുപത്രി വളപ്പിൽ നിർമ്മിച്ചത്. അതിന്റെ ഉദ്ഘാടനത്തിന് മന്ത്രിമാരുടെ സമയം അനുവദിക്കാത്തതുകൊണ്ടും സാധനങ്ങൾ മാറ്റാത്തതുകൊണ്ടുമാണ് പൊളിഞ്ഞു വീഴാറായ കെട്ടിടം ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. സംഭവസ്ഥലത്ത് എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവനും കെട്ടിടം അടച്ചിട്ടിരുന്നതിനാൽ ആളുകൾക്ക് അപായമുണ്ടായില്ലെന്ന് പ്രസ്താവിച്ച് മടങ്ങിപ്പോയി. മണിക്കൂറുകൾക്കുള്ളിലാണ് ബിന്ദുവിന്റെ മൃദേഹം പുറത്തെടുത്തത്. ഉദ്യോഗസ്ഥർ നൽകിയ തെറ്റായ വിവരങ്ങൾ വിശ്വസിച്ച് പ്രസ്താവന നടത്തിയവർ കൊലക്കുറ്റമാണ് ചെയ്തത് എന്ന ആക്ഷേപം ശരിയാണ്.

കേരളത്തിലെ പ്രശസ്തമായ രണ്ടു മെഡിക്കൽ കോളേജ് ആശുപത്രികൾ വിളിച്ചുപറയുന്നത് ആരോഗ്യ കേരളം ഇപ്പോൾ നമ്പർ വൺ അല്ലെന്നു തന്നെയാണ്. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടങ്ങളും ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണെന്ന് അവിടെ സന്ദർശിച്ച മാദ്ധ്യമപ്രവർത്തകരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിലെ ഗവൺമെന്റ് ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തിയാൽ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇനിയും കാണാൻ കഴിയും.

ഒരു ഭാഗത്ത് മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം, മറുഭാഗത്ത് ആശുപത്രി കെട്ടിടങ്ങളുടെ ശോച്യാവസ്ഥ. എന്നിട്ടും മന്ത്രി പറയുന്നത് കോടികൾ ചെലവാക്കിയ കണക്കുകളാണ്. ഈ കണക്കുകളൊന്നും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയില്ലെന്നതാണ് സത്യം.
‘ ഈ കപ്പൽ ആടിയുലയുകയില്ല സർ, ഇതിനൊരു കപ്പിത്താനുണ്ട്. ‘ എന്നാണ് മന്ത്രി വീണാജോർജ് നിയമസഭയിലും ആറൻമുളയിലും പറഞ്ഞത്. കേരളം ആരോഗ്യ രംഗത്ത് ലോക മാതൃക എന്നു വിശേഷിപ്പിച്ച കപ്പിത്താൻ പിണറായി വിജയനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാവപ്പെട്ട രോഗികൾക്ക് ശസ്ത്രക്രിയ മുടങ്ങിയപ്പോഴും കോട്ടയത്ത് കെട്ടിടം തകർന്നു വീണപ്പോഴും കപ്പിത്താൻ കുലുങ്ങിയില്ല. പക്ഷെ, നമ്പർ വൺ എന്ന ഭാരം വഹിക്കുന്ന ആ കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇനി രക്ഷയില്ലെന്നു കണ്ട കപ്പിത്താൻ ആളുകളെ കപ്പലിൽ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ചാടി. അവിടെ വിദഗ്ദ്ധ ചികിത്സ തേടിയാണ് മാതൃകാ സംസ്ഥാനത്ത് നിന്ന് അദ്ദേഹം പറന്നെത്തിയിരിക്കുന്നത്. ചീട്ടുകൊട്ടാരം പൊലെ തകർന്ന നുണക്കഥകൾ മലയാളികളുടെ മുന്നിൽ തകർന്നു വീണത്.

ജെയിംസ് കൂടൽ

The ship is sinking, and the captain has fled the country.

Share Email
Top