ചരിത്രവും ഐതിഹ്യവും: പ്രശസ്തമായ അമ്പലപ്പുഴ പാൽപായസത്തിന്റെ കഥ

ചരിത്രവും ഐതിഹ്യവും:  പ്രശസ്തമായ അമ്പലപ്പുഴ പാൽപായസത്തിന്റെ കഥ

ലാലി ജോസഫ്‌

ചരിത്രവും ഐതിഹ്യവും നിറഞ്ഞുനിൽക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അമ്പലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽനിന്ന് 14 കിലോമീറ്റർ തെക്ക് ഭാഗത്താണ് ഈ സ്ഥലം. തിരുവിതാംകൂർ ചരിത്രവുമായി വളരെ ബന്ധമുള്ള ക്ഷേത്രമാണിത്. വിചിത്രവും പുണ്യവുമായ ആചാര അനുഷ്ഠാനങ്ങൾകൊണ്ട് വേറിട്ടുനിൽക്കുന്ന ഒരു ക്ഷേത്രംകൂടി ആണിത്.

ചെമ്പകശ്ശേരി രാജാവായിരുന്നു അക്കാലത്ത് അമ്പലപ്പുഴ ഭരിച്ചിരുന്നത്. എ.ഡി. 1613 ഒരു മിഥുനമാസത്തിലെ തിരുവോണനാളിലാണ് പാർത്ഥസാരഥി രൂപത്തിൽ അമ്പലപ്പുഴയിൽ ശ്രീകൃഷ്ണ ഭഗവാനെ പ്രതിഷ്ഠിക്കുന്നത്. ഒരിക്കൽ രാജാവ് വില്വമംഗലം സ്വാമിയാരുമായി വഞ്ചിയിൽ യാത്ര ചെയ്യുമ്പോൾ ശ്രീകൃഷ്ണന്റെ ഓടക്കുഴൽനാദം കേൾക്കുകയുണ്ടായി. അവിടെ ഭഗവാന്റെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കുകയും സ്വാമിയാരുടെ നിർദ്ദേശപ്രകാരം ചെമ്പകശ്ശേരി രാജാവായിരുന്ന പൂരാടം തിരുനാൾ ദേവനാരായണൻ തമ്പുരാന്റെ നേതൃത്വത്തിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചു. അദ്ദേഹം ഒരു പ്രബല രാജാവായിരുന്നു. അതുമല്ല റോമാ സാമ്രാജ്യവുമായി നല്ല വാണിജ്യവ്യാപാര ബന്ധവും പുലർത്തിയിരുന്നു. പുറക്കാട് തുറമുഖം രാജാവിന്റെ അധീനതയിലായിരുന്നതുകൊണ്ട് കുട്ടനാട്ടിൽനിന്നും ധാരാളം ധാന്യശേഖരണം ഇറക്കുമതി ചെയ്തിരുന്നു. മറ്റു നാട്ടുരാജാക്കന്മാർ ധാന്യത്തിനുവേണ്ടി ചെമ്പകശ്ശേരി രാജാവിനെ ആശ്രയിക്കാറുണ്ടായിരുന്നു. അങ്ങനെ വളരെയധികം സമ്പൽസമൃദ്ധിയിലായിരുന്നു അദ്ദേഹം നാടുഭരിച്ചിരുന്നത്. അതുപോലെ വലിയൊരു കൃഷ്ണഭക്തനുമായിരുന്നു.

കലയ്ക്കും സാഹിത്യത്തിനും അദ്ദേഹം ഒട്ടേറെ പ്രാധാന്യം നൽകിയിരുന്നു. കലയുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചുവരുത്തി കലയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അതുപോലെ വിഖ്യാത കലാകാരന്മാരായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, തുള്ളൽ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ആക്ഷേപ സാഹിത്യരചനയ്ക്ക് കാരണമായ കലക്കത്ത് കുഞ്ചൻ നമ്പ്യാർ എന്നിവരുടെയെല്ലാം കലാപ്രാവീണ്യം പ്രകടിപ്പിക്കാനുള്ള അവസരം രാജാവ് കൊടുത്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന “മിഴാവ്” ഒരു ചരിത്രസ്മാരകമായി ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ ഇന്നും നിലനിൽക്കുന്നതായി കാണാം. ക്ഷേത്രത്തിലെ ആൽമരം മാവും ആലും യോജിക്കുന്ന ഒരു ഒറ്റമരമായിട്ടാണ് നിലകൊള്ളുന്നത്.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മറ്റൊരു സവിശേഷത അവിടത്തെ നിവേദ്യമാണ് അഥവാ ഭഗവാന്റെ പ്രസാദമായ അമ്പലപ്പുഴ പാൽപായസം. ഇവിടത്തെ പാൽപായസത്തിന്റെ രുചി മറ്റൊരു ക്ഷേത്രത്തിലും കിട്ടില്ല എന്നാണ് പറയപ്പെടുന്നത്. ഈ പായസവുമായി ബന്ധപ്പെട്ട കഥ ഒന്നിൽ കൂടുതൽ ഉണ്ട്. ഇവിടെ പ്രതിപാദിക്കുന്നത് ചതുരംഗക്കളിയുമായിട്ടുള്ള കഥയാണ്.

കൃഷ്ണഭക്തനായ രാജാവ് പിന്നീട് ഭക്തിയെക്കാളും കൂടുതലായി ചതുരംഗത്തിൽ കമ്പം കൂടി. അതായത് വാത് വെച്ചിട്ടുള്ള ചെസ്സ് കളി. ഇത്തരം പന്തയം വെച്ചിട്ടുള്ള കളി മനുഷ്യരെ നാശത്തിലേക്ക് നയിക്കും. അതിനുള്ള ഒരു വലിയ ഉദാഹരണമാണ് മഹാഭാരത യുദ്ധം. പാണ്ഡവരും കൗരവരുമായി ചൂതുകളിച്ച് സർവ്വതും നഷ്ടപ്പെട്ട് വനവാസത്തിന് പോയ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ.

ചെമ്പകശ്ശേരി രാജാവുമായി കളിക്കാൻ ധാരാളം ആളുകൾ വന്നുതുടങ്ങി. കാരണം ജയിച്ചാലും തോറ്റാലും രാജാവ് സമ്മാനം കൊടുക്കും. വലിയ സമ്പത്തിൽ ധാരാളം അഹങ്കാരവും ഉണ്ടായിരുന്നു. ഒരു ദിവസം ഊണ് ഒക്കെ കഴിഞ്ഞ് ചതുരംഗം കളിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയിരിക്കുവാൻ തുടങ്ങി. അപ്പോൾ കവാടത്തിന് പുറത്ത് ആ നാട്ടിലുള്ളവർ ഇന്നുവരെ കാണാത്ത ഒരു ബ്രാഹ്മണൻ രാജാവിനെ മുഖം കാണിക്കുവാൻ നിൽക്കുന്നു. രാജാവ് വന്ന ആളെ അടിമുടി നോക്കി. അതീവ സുന്ദരൻ, വാളും പരിചയും ഉണ്ട്. ആകർഷണം തോന്നിപ്പിക്കുന്ന ഒരാൾ, ശാന്തമായ കണ്ണുകൾ. അദ്ദേഹം രാജാവിനെ തൊഴുതു. “എന്തിനാണ് നിങ്ങൾ ഇവിടെ വന്നത്? എവിടെനിന്നാണ് വരുന്നത്?”

“ഞാൻ കൃഷ്ണനുണ്ണി. വടക്കുള്ള ഒരു നാട്ടുരാജ്യത്തിലെ രാജാവിന്റെ പടയാളിയാണ്. ഇവിടെ ഒരാളെ അകമ്പടി സേവിക്കാനുണ്ടായിരുന്നു. അവരെ സുരക്ഷിതമായി നാട്ടിൽ കൊണ്ടുവരികയായിരുന്നു എന്റെ കർത്തവ്യം. മടക്കവഴിയിലാണ് അങ്ങയെക്കുറിച്ച് അറിയുവാൻ സാധിച്ചത്. ചെമ്പകശ്ശേരി രാജാവിന്റെ ചതുരംഗക്കളിയെക്കുറിച്ചും കേട്ടു. അങ്ങയോടൊപ്പം ചൂതുകളിക്കുവാൻ ഒരു മോഹം തോന്നി, അതുകൊണ്ടാണ് ഞാൻ വന്നത്.” രാജാവ് ഇവിടെ കളിക്കാൻ ഒരാളെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് അതാ ഒരാൾ വരുന്നു. “രോഗിക്ക് ഇഷ്ടപ്പെട്ടതും വൈദ്യൻ കൽപ്പിച്ചതും പാൽ” എന്ന് പറഞ്ഞതുപോലായി. അപരിചിതനോട് കളിക്കാനാണ് രാജാവിന് ഏറെ ഇഷ്ടം. രാജാവിന്റെ കുടുംബാംഗങ്ങൾ എല്ലാവരും അവിടെ സന്നിഹിതരായിരുന്നു. ചെമ്പകശ്ശേരി രാജാവ് ഒരു വലിയ കളിക്കാരനാണ്. ഈ പയ്യൻ എന്താണ് ചെയ്യാൻ പോകുന്നത്? രാജാവിന്റെ ഭാര്യ ദ്രൗപദി വാതിൽ മറവിൽ കളി കാണാൻ നിൽപ്പുണ്ട്. അവൾ വിചാരിച്ചു, ഇവൻ ഒരു ചാരനാണോ? കൃഷ്ണനുണ്ണി ചതുരംഗ ബോർഡ് നോക്കി. ബുദ്ധിപരമായ നീക്കങ്ങൾ നടത്തി. ഒന്നോ രണ്ടോ നീക്കത്തിൽത്തന്നെ രാജാവ് തോൽക്കുന്നു. അദ്ദേഹം വിയർക്കാൻ തുടങ്ങുന്നു. രാജാവ് ചോദിച്ചു, “ഒരു പ്രാവശ്യംകൂടി നോക്കാം.” അങ്ങനെ മൂന്ന് കളിയിലും തോൽക്കുന്നു.

കൃഷ്ണനുണ്ണി നന്ദി പറഞ്ഞ് പോകുവാനൊരുങ്ങുമ്പോൾ രാജാവ് പറഞ്ഞു, “ഇന്ന് ഇവിടെ തങ്ങുക. അതുമല്ല നിനക്ക് ഒരുപാട് സമ്മാനങ്ങൾ തരുവാനുണ്ട്. എന്റെ അത്രയും സമ്പൽസമൃദ്ധിയുള്ള മറ്റൊരു രാജാവ് ഈ നാട്ടിൽ ഇല്ല.” കൃഷ്ണനുണ്ണി സമ്മാനം സ്വീകരിക്കാമെന്ന് പറഞ്ഞു. ചോദിച്ച സമ്മാനം കുറച്ച് ധാന്യം. അത് കേട്ടപ്പോൾ രാജാവ് പറഞ്ഞു, “എത്ര വേണം? ഒരു പറ വേണോ? രണ്ട് പറ വേണോ?” രാജാവിനെ സംബന്ധിച്ചിടത്തോളം അത് ഒരു ചെറിയ സമ്മാനമായിരുന്നു. അപ്പോൾ പുഞ്ചിരി തൂകിക്കൊണ്ട് കൃഷ്ണനുണ്ണി പറഞ്ഞു, “ഈ ചതുരംഗത്തിന്റെ കള്ളിയിൽ കൊള്ളുന്ന ധാന്യം എനിക്ക് തന്നാൽ മതി. പക്ഷെ ഒരു കണക്കുണ്ട്. ആദ്യത്തെ കള്ളിയിൽ ഒരു ധാന്യം വെക്കുകയാണെങ്കിൽ അതിന്റെ ഇരട്ടി വേണം അടുത്ത കള്ളിയിൽ വെക്കേണ്ടത്. അതിന്റെ ഇരട്ടി വേണം മൂന്നാമത്തെ കള്ളിയിൽ വെക്കേണ്ടത്. അങ്ങനെ 64 കള്ളികളിൽ എത്ര ധാന്യമാണോ കൊള്ളുക, ആ ധാന്യം എനിക്ക് സമ്മാനമായി തരുക.” ഈ കണക്ക് കേട്ടിട്ട് രാജാവ് പറഞ്ഞു, “അത്രയേയുള്ളോ?” രാജാവിന് അതും വളരെ നിസ്സാരമായി തോന്നി.

ഒരു കാവണ്ട നിറച്ച് ധാന്യം തരാമെന്ന് രാജാവ് പറഞ്ഞു. അപ്പോൾ കൃഷ്ണനുണ്ണി പറഞ്ഞു, “അങ്ങ് ചിന്തിച്ചിട്ടുതന്നെയാണോ പറയുന്നത്? ഞാൻ പറഞ്ഞ കണക്ക് ഒന്ന് എടുത്തുനോക്കുക. അതിനുശേഷം അങ്ങ് മറുപടി പറയുക.” അപ്പോൾ രാജാവിന് സംശയമായി. പിന്നെ മന്ത്രിമാരെ വിളിച്ച് പറഞ്ഞു, “വേഗം കണക്ക് എടുക്കൂ…” അങ്ങനെ മന്ത്രിമാർ കണക്ക് എടുക്കുവാൻ തുടങ്ങി. 64-ആമത്തെ കള്ളിയിൽ എത്തുമ്പോൾ എത്രയായിരിക്കും? നിങ്ങൾതന്നെ ഒന്ന് കൂട്ടിനോക്ക്. 40-ആമത്തെ കള്ളി ആയപ്പോഴേക്കും കൊട്ടാരത്തിലെ ധാന്യശേഖരം മുഴുവൻ തീർന്നു കഴിഞ്ഞു. 60-ആമത്തെ കള്ളി എത്തിയപ്പോൾ ചെമ്പകശ്ശേരി രാജ്യത്തെ ധാന്യം മുഴുവനും തീർന്നു. 64-ആമത്തെ കള്ളിയിൽ എത്തുമ്പോൾ എന്തായിരിക്കും അവസ്ഥ! രാജാവ് വിയർത്ത് കുളിച്ചു. അതായത് രാജാവിന് ഒന്നുമില്ലാത്ത അവസ്ഥയായി. എല്ലാവരും ധാന്യം ശേഖരിക്കാനുള്ള ഓട്ടമായി. രാജാവ് തളർന്നുവീഴുന്ന അവസ്ഥയായി.

രാജ്ഞി കൃഷ്ണനുണ്ണിയെ സൂക്ഷിച്ച് നോക്കി എന്നിട്ട് പറയുകയാണ്, “ഇദ്ദേഹം ഒരു യോദ്ധാവ് അല്ല. സാക്ഷാൽ ഭഗവാൻ കൃഷ്ണൻതന്നെയാണ്.” രാജാവ് ആ പത്മപാദങ്ങളിൽ വീണ് പ്രണമിച്ചു. ഭഗവാൻ രാജാവിനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഭഗവാൻ പറഞ്ഞു, “ഞാൻ തന്ന ഒരു പരീക്ഷണമാണിത്. ഞാൻ നോക്കി നടത്താൻ തന്നതാണ് ഈ സമ്പത്തും പ്രതാപവും. അങ്ങയുടെ ചതുരംഗഭ്രമം അവസാനിപ്പിക്കണം. കളിയിലുള്ള അമിതമായ ഭ്രമം എത്രയോ കുടുംബങ്ങളെ ദാരിദ്ര്യത്തിലാക്കിയിട്ടുണ്ട്. അങ്ങയുടെ ധർമ്മം എനിക്ക് വേണ്ടി പ്രജകളെ സ്നേഹിക്കുക. എന്നിൽ മനസ്സുറപ്പിക്കുക. ഖജനാവിലെ പണം ഇങ്ങനെ ചൂതുകളിച്ച് കളയാനുള്ളതല്ല. ഇപ്പോൾ അങ്ങ് എന്റെ കടക്കാരനായി മാറിയിരിക്കുകയാണ്. ഇത് എങ്ങനെയാണ് വീട്ടിത്തീർക്കുക? അതിന് ഒരു ഉപായം പറഞ്ഞുതരാം. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എല്ലാ ദിവസവും ഈ ധാന്യം ഉപയോഗിച്ചുകൊണ്ട് ഭക്തജനങ്ങൾക്ക് പാൽപായസം ഉണ്ടാക്കി വിതരണം ചെയ്യുക.” ഇത്രയും പറഞ്ഞശേഷം ഭഗവാൻ അപ്രത്യക്ഷനാകുന്നു. അന്ന് രാജാവ് തുടങ്ങിവെച്ച ആ പാൽപായസം ഇന്നും തുടരുന്നു.

അമ്പലപ്പുഴയിൽ പാൽപായസം എഴുന്നള്ളിക്കുമ്പോൾ വടക്കെ നടയിൽ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. അത് ഗുരുവായൂർ അപ്പന്റെ സാന്നിധ്യമായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു. അതിന്റെ ഐതിഹ്യം ഇങ്ങനെ പറയപ്പെടുന്നു: ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് ഗുരുവായൂർ ആക്രമിക്കുമെന്ന തോന്നൽ ഉണ്ടാവുകയും ആക്രമിക്കപ്പെടാതിരിക്കാൻവേണ്ടി ഗുരുവായൂർ അപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. പക്ഷേ ടിപ്പുവിന്റെ പടയാളികൾ മറ്റു ക്ഷേത്രങ്ങൾ നശിപ്പിച്ചെങ്കിലും ഗുരുവായൂർ അമ്പലം മാത്രം നശിപ്പിച്ചില്ല. പിന്നീട് ഈ വിഗ്രഹം തിരിച്ച് ഗുരുവായൂരിൽ കൊണ്ടുപോയി സ്ഥാപിച്ചെങ്കിലും പാൽപായസം എഴുന്നള്ളിക്കുമ്പോൾ ശ്രീകൃഷ്ണ പരുന്തിന്റെ രൂപത്തിൽ ഗുരുവായൂർ അപ്പൻ ഇവിടെ വരുന്നതായി ഭക്തർ വിശ്വസിച്ച് പോരുന്നു.

ഈ പായസം ഒരു ഔഷധഗുണമുള്ള പായസമായിട്ടാണ് പറയപ്പെടുന്നത്. അതുകൊണ്ട് കൂടിയാകണം “ഗോപാല കഷായം” എന്ന മറ്റൊരു പേരുംകൂടി ഈ പാൽപായസത്തിനുണ്ട്. അമ്പലത്തിനകത്ത് ഒരിക്കലും വറ്റാത്ത പുണ്യ തീർത്ഥക്കിണർ അഥവാ മണി കിണർ ഉണ്ട്. ഈ കിണറ്റിൽനിന്നാണ് പായസത്തിനുവേണ്ട വെള്ളം എടുക്കുന്നത്. പ്രധാനമായും പായസത്തിനുവേണ്ടി ഉപയോഗിക്കുന്നത്: ഉണക്കലരി, വെള്ളം, പാൽ, പഞ്ചസാര എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ ഏകദേശം ഏഴ് മണിക്കൂർ സമയമെടുത്ത് പാൽപായസം ഉണ്ടാക്കുന്നത്. ഈ പായസത്തെ വെല്ലാൻ പറ്റിയ പായസം ലോകത്ത് തന്നെ ഇല്ല എന്നാണ് പറയപ്പെടുന്നത്. ഒരു ദിവസവും മുടക്കം കൂടാതെയാണ് പായസം ഉണ്ടാക്കുന്നത്.

തലേദിവസം ബുക്ക് ചെയ്താൽ മാത്രമേ പാൽപായസം കിട്ടുകയുള്ളൂ. അത്രയ്ക്ക് ഡിമാൻഡാണ് ഇവിടത്തെ പായസത്തിന്. അതുകൊണ്ട് തന്നെ ഇനി നാട്ടിൽ പോകുമ്പോൾ അമ്പലപ്പുഴയിലെ ക്ഷേത്രവും അതുപോലെതന്നെ അവിടത്തെ ഔഷധ പായസമായ നിവേദ്യവും രുചിച്ചറിയുക.

ലാലി ജോസഫ്‌ lalyjoseph63@yahoo.com

History and Legend: The Story of the Famous ‘Ambalapuzha Palpayasam’

Share Email
Top