കേരളത്തിലെ ഏറ്റവും വലിയ പൊതുജന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് ആത്മഹത്യ. അതും സ്ത്രീകളിലെ ആത്മഹത്യ. സ്ത്രീകളാകട്ടെ ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ കൂടി കൊലക്കയറിലേക്ക് വലിച്ചുകൊണ്ടു വന്ന് ജീവനൊടുക്കുന്ന സംഭവം കേരള മനസാക്ഷിയെ തന്നെ ഞെട്ടിക്കുകയാണ്. ഇന്ന് കണ്ണൂരിൽ ഒരു സ്ത്രീ കുഞ്ഞുമായി പുഴയിൽ ചാടി ജീവൻ അവസാനിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മലയാളിയായ വിപഞ്ചിക എന്ന ഉദ്യോഗവും വിദ്യാഭ്യാസവുമുള്ള ഒരു യുവതി ഗൾഫിലെ താമസ സ്ഥലത്ത് കുഞ്ഞിനെയും കൊലപ്പെടുത്തി സ്വയം മരിച്ചു. ഇന്നലെ ഗൾഫിൽ തന്നെയുള്ള അതുല്യ എന്ന മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായി.
മാസങ്ങൾക്ക് മുമ്പാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളേയും കൂട്ടി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. അതിനും ഒരു മാസം മുമ്പ് സമാനമായി ഷൈനി എന്ന വീട്ടമ്മ തന്റെ രണ്ടു മക്കളുമായി തീവണ്ടിക്കു മുന്നിൽ ചാടി മരിച്ചു. രണ്ടു സംഭവും കോട്ടയം ജില്ലയിലാണ്.
കുടുംബമായി കൂട്ടത്തോടെ ആത്മഹത്യ ചെയ്ചവരും ആത്മഹത്യ ശ്രമം പരാജയപ്പെട്ട് കുടുംബത്തിലെ ചിലർ മാത്രം ബാക്കിയായവരും നിത്യേന എന്നവണ്ണം കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തയായി നിറയുന്നുണ്ട്. ഇതിനെല്ലാം പലവിധ കാരണങ്ങളുണ്ടാവാം.
വിവാഹിതരായ സ്ത്രീകളാണ് കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ മുന്നിൽ. അതിന് വിവിധ കാരണങ്ങൾ ഉണ്ടാവാം. കടുത്ത യാതനകളിൽ നിന്ന് രക്ഷപ്പെടാനുള്ള മികച്ച മാർഗമായാണ് പലരും ആത്മഹത്യയെ കാണുന്നത്. സ്ത്രീകളുടെ ജീവശാസ്ത്രം, മനശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയ്ക്ക് ആത്മഹത്യയുമായി ബന്ധമുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന ഡിപ്രഷൻ അഥവാ വിഷാദ രോഗം സ്ത്രീകളിൽ കൂടുതലാണ് . ഇത് അവരുടെ ശാരീരിക പ്രത്യേകതകൾ കൊണ്ടു കൂടിയാണ്. പല ഘട്ടങ്ങളിലുമുള്ള ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളെ വിഷാദ അവസ്ഥയിലേക്ക് തള്ളിവിടാറുണ്ട്. എന്നാൽ ഇത് കൂടെയുള്ളവർ മനസ്സിലാക്കണമെന്നില്ല.
സ്ത്രീകളിൽ അധികവും മാനസിക സംഘർഷം അനുഭവിക്കുന്നവരാണ്. അവർ എപ്പോഴും സുരക്ഷിതത്വവും പരിഗണനയും മര്യാദയുള്ള പെരുമാറ്റവും ആഗ്രഹിക്കുന്നവരാണ്. എന്നാൽ വിവിധ കാരണങ്ങളാൽ ഇതൊന്നും അവർക്ക് ലഭിക്കണമെന്നില്ല. അവരുടേതല്ലാത്ത കാരണത്താൽ ജോലിക്കു പോകാൻ കഴിയാതിരിക്കുക, സാമ്പത്തിക സുരക്ഷിതത്തം ഇല്ലാതിരിക്കുക, കുടുംബത്തിലും സമൂഹത്തിലും പലവിധ വിവേചനങ്ങൾ നേരിടുക തുടങ്ങിയ പല കാരണങ്ങളും സ്ത്രീകളെ ബാധിക്കാറുണ്ട്. അഭ്യസ്തവിദ്യരായ സ്ത്രകളിലാകട്ടെ ടോക്സിക്കായ ബന്ധങ്ങളെ ഉപേക്ഷിക്കാനുള്ള ധൈര്യമോ പിന്തുണയോ ഇല്ലാതിരിക്കുകയും സമൂഹത്തിന്റെ വിരൽ അവർക്കു നേരെ ചൂണ്ടപ്പെടുപ്പെടുകയും ചെയ്യുന്ന അവസ്ഥയെ തരണം ചെയ്യാനുള്ള മാനസിക ആരോഗ്യം ഇല്ല എന്ന വലിയ പ്രശ്നമുണ്ട്. മികച്ച വിദ്യാഭ്യാസവും വളരെയേറെ പണവും കൊടുത്ത് വിവാഹം ചെയ്തുവിടുന്ന പല പെൺകുട്ടികളും ജീവിതത്തിലെ ഒരു ചെറിയ പ്രതിസന്ധിയെ പോലും തരണം ചെയ്യാൻ കെൽപ്പില്ലാതെ ജീവിതം അവസാനിപ്പിക്കുന്നത് വളരെ ഖേദകരമായ കാഴ്ചയാണ്. വിസ്മയ , വിപഞ്ചിക, അതുല്യ… അങ്ങനെ എത്രയെത്ര പെൺമക്കളാണ് അവരുടെ വിലപ്പെട്ട ജീവൻ ഉപേക്ഷിച്ചു കളഞ്ഞത്. ഒരു ബന്ധത്തിൽ വഞ്ചിക്കപ്പെട്ടാൽ, അല്ലെങ്കിൽ മദ്യപിച്ചെത്തുന്ന ഭർത്താവിൻ്റെ പീഡനം സഹിക്കാതെ വന്നാൽ, പണത്തിന് ആർത്തിപിടിച്ചവരുടെ മുന്നിൽ കുറ്റവാളികളെ പോലെ നിൽക്കേണ്ടി വന്നാൽ, സമൂഹം ഒറ്റപ്പെടുത്തിയാൽ, പ്രണയനൈരാശ്യം സംഭവിച്ചാൽ, മാരക രോഗം വന്നാൽ ആ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള വഴികൾ ഇല്ല എന്നു കരുതുന്നിടത്താണ് പ്രശ്നം.
വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്നത്, സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തത് , സഹായിക്കാൻ ആരും ഇല്ലാത്തത് എല്ലാം സ്ത്രീകളെ ആത്മഹത്യയിലേക്ക് തള്ളിവിടാറുണ്ട്. എന്തു ത്യാഗവും സഹിച്ച് മക്കളെ പോറ്റും എന്ന പണ്ടത്തെ സ്ത്രീകളുടെ മനോഭാവമല്ല ഇന്നത്തേത്. സ്വന്തം അവകാശത്തേയും അഭിമാനത്തേയും കുറിച്ച് ബോധമുള്ള സ്ത്രീകൾ അവർക്കെതിരായ നീതി നിഷേധങ്ങളെ ചെറുക്കാൻ ശ്രമിക്കും എന്നാൽ ഫലപ്രദമായ പരിഹാരം കണ്ടെത്തി ജീവിതം തുടരാനുള്ള സാഹചര്യമോ മനശ്ശക്തിയോ അവർക്ക് ലഭിക്കുന്നുമില്ല. ഇത്തരം സാഹചര്യത്തിലാണ് സ്ത്രീകൾ വളരെ വികലമായ മാനസിക അവസ്ഥയിലേക്ക് എത്തുന്നതും കുട്ടികളെ പോലും ഇല്ലാതാക്കുന്നതും.
വിനോദം , വിശ്രമം, ആരോഗ്യം, സുഹൃത്തുകൾ ഇതെല്ലാം ഉപേക്ഷിച്ച് ഭർത്താവിനേയും കുട്ടികളേയും പരിചരിക്കാൻ മാത്രമുള്ളവരാണ് സ്ത്രീകൾ എന്നാണ് പൊതുവെ സമൂഹത്തിന്റെ കാഴ്ചപ്പാട്. സ്ത്രീയുടെ വ്യക്തിത്വം മുഴവാനായി ഇല്ലാതാക്കുന്ന ഈ പ്രക്രിയയിൽ അവർ അനുഭവിക്കുന്ന ശാരീരിക – മാനസിക പാരതന്ത്ര്യങ്ങൾ എവിടെയും ചർച്ചയാകാറുമില്ല.
സ്ത്രീകളിലെ ആത്മഹത്യ സംബന്ധിച്ച് ഇനിയും ഏറെ പഠനങ്ങൾ നമ്മുടെ രാജ്യത്ത് നടത്തേണ്ടതുണ്ട്. മാനസിക സംഘർഷങ്ങളെ നേരിടാൻ സാമ്പത്തികമായും സാമൂഹികമായും അവരെ ശാക്തീകരിക്കുകയും ഏതു പ്രശ്നത്തേയും ധൈര്യമായി നേരിടാൻ സജ്ജരാക്കുകയുമാണ് വേണ്ടത് . പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ കിലോ കണക്കിന് പൊന്നും പട്ടും വാങ്ങിവയ്ക്കാനല്ല മാതാപിതാക്കൾ വ്യഗ്രതപ്പെടേണ്ടത്. മനോധൈര്യവും കരുത്തുമുള്ള എന്നും സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള , പറ്റില്ല എന്ന് പറയേണ്ടിടത്ത് അതു പറയാൻ ധൈര്യമുള്ള മനുഷ്യരായി അവളെ വളർത്താനാണ് മാതാപിതാക്കൾ അധ്വാനിക്കേണ്ടത്. അവർക്ക് ഒരു പ്രതിസന്ധി വന്നാൽ അവളെ കൂടെ ചേർത്തുനിർത്താനും അവൾക്കൊപ്പം പൊരുതാനും അവളുടെ പ്രിയപ്പെട്ടവരെങ്കിലും കൂടെയുണ്ടെങ്കിൽ എത്രയെത്ര ആത്മഹത്യകൾ ഇല്ലാതാക്കാമായിരുന്നു.