വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം: തേവലക്കര സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കി, സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം: തേവലക്കര സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കി, സ്‌കൂള്‍ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തിനു കാരണമായ സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കുകയും നിലവിലുള്ള മാനേജ്‌മെന്റിനെ പിരിച്ചു വിടുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ ഇക്കാര്യം അറിയിച്ചത്. സ്‌കൂളിന്റെ ഭരണ ചുമതല വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് നല്‍കി

1958 ലെ കേരള വിദ്യാഭ്യാസ ആക്ട് സെക്ഷന്‍ പതിനാലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി. ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ പ്രഥമ അധ്യാപികയെ സസ്പെന്റ് ചെയ്തിരുന്നു.

മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആന്‍ഡ് ഗെയിഡ്സ് മുഖേന വീടുവച്ചു നല്‍കും. ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെ.എസ്.ഇ.ബി. അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറി. 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെ.എസ്.റ്റി.എ. 10 ലക്ഷം രൂപ ധനസഹായം ഉടന്‍ തന്നെ കൈമാറും.

മിഥുന്‍ കേരളത്തിന്റെ മകനാണ്. സര്‍ക്കാര്‍ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Thevalakkara School Manager disqualified, government takes over school administration

Share Email
Top