തൃശൂര്‍ പൂരം കലക്കല്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

തൃശൂര്‍ പൂരം കലക്കല്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തത്.തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്. ത്രിതല അന്വേഷണത്തിലെ രണ്ട് അന്വേഷണം പൂര്‍ത്തിയായിരുന്നു. പൂരം കലക്കലിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം അന്വേഷിക്കുന്നത്. സംഘം കഴിഞ്ഞ ദിവസമാണ് അതീവ രഹസ്യമായി കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തത്.പൂരം അലങ്കോലപ്പെട്ടപ്പോള്‍ സംഭവ സ്ഥലത്ത് ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയായിരുന്നു. എങ്ങനെയാണ് സംഭവം അറിഞ്ഞതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം സുരേഷ് ഗോപിയോട് ചോദിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു സുരേഷ് ഗോപി പൂരനഗരിയിലെത്തിയത്.

സംഭവത്തില്‍ അന്ന് ബിജെപി സ്ഥാനാര്‍ഥയായിരുന്ന സുരേഷ് ഗോപിക്കെതിരെ സിപിഐയും തൃശൂരിലെ ഇടതുസ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാറും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘപരിവാറിന്റെ ഗൂഢാലോചന പൂരം കലക്കലിന് പിന്നില്‍ ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

Thrissur Pooram : Union Minister Suresh Gopi questioned by special investigation team
Share Email
LATEST
Top