ന്യൂഡൽഹി: നിർദിഷ്ട വ്യാപാര കരാറിൽ കൃഷി, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെ തീരുവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം വീണ്ടും യു.എസ്. സന്ദർശിക്കും. സന്ദർശനത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ആഴ്ചയായിരിക്കുമെന്ന് സൂചനയുണ്ട്.
നേരത്തെ, വാണിജ്യ മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ജൂൺ 26 മുതൽ ജൂലൈ രണ്ടുവരെ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. കാർഷിക, പാൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവ് നൽകണമെന്ന യു.എസ്. ആവശ്യത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഒരു സ്വതന്ത്ര വ്യാപാര കരാറിലും ഇന്ത്യ ക്ഷീര മേഖലയ്ക്ക് തീരുവ ഇളവ് നൽകിയിട്ടില്ല.
വിവിധ രാജ്യങ്ങൾക്കെതിരെ പകരച്ചുങ്കം ചുമത്തുന്നത് അമേരിക്ക ഓഗസ്റ്റ് ഒന്നുവരെ നീട്ടിയതിനാൽ ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം പ്രധാനമാണ്. ഇന്ത്യക്ക് 26 ശതമാനം അധിക തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുവ ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. സ്റ്റീൽ, അലൂമിനിയം (50 ശതമാനം), വാഹനങ്ങൾ (25 ശതമാനം) എന്നിവയ്ക്കുള്ള തീരുവയിൽ ഇളവ് നൽകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
അതേസമയം, യു.എസുമായിട്ടുള്ള വ്യാപാര കരാറിന് അന്തിമരൂപം നൽകാൻ ശ്രമം തുടരുകയാണെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന വാണിജ്യ വകുപ്പിലെ സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. ഈ വർഷം സെപ്റ്റംബർ-ഒക്ടോബറോടെ കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. അതിനുമുമ്പ്, ഇടക്കാല വ്യാപാര കരാറിനാണ് ശ്രമം. 26 രാജ്യങ്ങളുമായി ഇന്ത്യ ഇതുവരെ 14-ലധികം സ്വതന്ത്ര വ്യാപാര കരാറുകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trade deal: Indian team returns to US