ന്യൂഡൽഹി / തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.
ജീവനക്കാർക്കു സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കലക്ടർമാരും ഉറപ്പാക്കുകയും വേണം. കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ തള്ളി. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും പറഞ്ഞു. കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്.
Trade unions begin 24-hour general strike against central government’s anti-worker policies