വാഷിങ്ടൺ: അമേരിക്കയിലെ പബ്ലിക് സർവീസ് ലോൺ ഫോർഗിവ്‌നെസ് (PSLF) പ്രോഗ്രാമിൽ സമൂലമായ മാറ്റങ്ങൾ വരുത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്.
സർക്കാർ ജീവനക്കാർ, അധ്യാപകർ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് ഏറെ പ്രയോജനകരമായിരുന്ന ഈ പദ്ധതിയിലാണ് ട്രംപ് ഭരണകൂടം അഴിച്ചുപണിക്ക് ലക്ഷ്യമിടുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കരുതുന്ന സംഘടനകളെ ഫെഡറൽ ഫണ്ട് ഉപയോഗിച്ച് ഭരണകൂടം പിന്തുണയ്ക്കുന്നതിലുള്ള ആശങ്കകളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
പൊതുസേവന മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതിയാണ് പബ്ലിക് സർവീസ് ലോൺ ഫോർഗിവ്‌നെസ് പ്രോഗ്രാം. 2007-ൽ യുഎസ് കോൺഗ്രസാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. യോഗ്യരായ പൊതുസേവന തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുമ്പോൾ 10 വർഷം കൃത്യമായി വായ്പ തിരിച്ചടച്ചാൽ ബാക്കിയുള്ള തുക ഈ പദ്ധതി വഴി ഒഴിവാക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. നിലവിൽ ഒരു ലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നിയമ നിർവഹണം, സർക്കാർ, സൈന്യം, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമായിരുന്നു. 2025-ന്റെ തുടക്കം വരെ ഏകദേശം $78.46 ബില്യൺ ഡോളർ വിദ്യാഭ്യാസ വായ്പകളാണ് ഈ പദ്ധതി വഴി യുഎസ് സർക്കാർ എഴുതിത്തള്ളിയത്. ഇത് ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഉപകാരപ്പെട്ടു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളെ വായ്പ എഴുതിത്തള്ളുന്നതിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന് അധികാരം നൽകിക്കൊണ്ടാണ് ട്രംപ് ഭരണകൂടം പദ്ധതി പരിഷ്കരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറിക്കാണ് കൂടുതൽ അധികാരം നൽകിയിരിക്കുന്നത്. പദ്ധതിയുടെ കരട് രേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയ ശേഷം അടുത്ത വർഷം പ്രാബല്യത്തിൽ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതൊരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാമെന്നും ചിലർ ആശങ്ക പങ്കുവെക്കുന്നു. അതേസമയം, അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് പൊതുജനാഭിപ്രായം തേടുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
കുടിയേറ്റ നിയമം ലംഘിക്കാൻ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതും, വിദേശ തീവ്രവാദ സംഘടനയായി മുദ്രകുത്തിയ ഏതെങ്കിലും സംഘടനയെ പിന്തുണയ്ക്കുന്നതും യുഎസിൽ നിയമവിരുദ്ധമാണ്. കുടിയേറ്റം, ഭീകരവാദം, ട്രാൻസ്‌ജെൻഡർ പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയപരമായ കാരണങ്ങളാൽ ഈ നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണ് പലരും ആശങ്കപ്പെടുന്നത്.
ഫെഡറൽ ഇമിഗ്രേഷൻ നിയമലംഘനങ്ങളെ സഹായിക്കുന്ന, വിദേശ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന, വിവേചന വിരുദ്ധ നിയമങ്ങളെ ലംഘിക്കുന്ന സ്ഥാപനങ്ങളെയാണ് മാറ്റങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.
Trump administration to make changes to Public Service Loan Forgiveness Program; Controversy