വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന യോഗത്തിലേക്ക് കയറിച്ചെന്ന മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിനോട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പുറത്തുപോകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2025 ന്റെ തുടക്കത്തിൽ നടന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
എയർ ഫോഴ്സിന്‍റെ എഫ്-47 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുമായി ബന്ധപ്പെട്ട ഉന്നത സൈനികോദ്യോഗസ്ഥര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തിലായിരുന്നു സംഭവം. സക്കര്‍ബര്‍ഗിനെ കണ്ട് ഉന്നത സൈനികോദ്യോഗസ്ഥര്‍ ഞെട്ടിയെന്നാണ് റിപ്പോർട്ട്. ഈ യോഗത്തില്‍ പങ്കെടുക്കാനുള്ള സുരക്ഷാ അനുമതി സക്കര്‍ബര്‍ഗിന് ഉണ്ടായിരുന്നില്ല. ഇതോടെ പുറത്ത് കാത്തുനിൽക്കാൻ സക്കർബർഗിനോട് ആവശ്യപ്പെടുകയായിരുന്നത്രെ.
സക്കർബർഗിനോട് പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, ഷെഡ്യൂൾ ചെയ്ത മീറ്റിങ്ങിനായി കാത്തിരിക്കുന്നതിന് മുമ്പ് പ്രസിഡന്റിന്റെ അഭ്യർത്ഥനപ്രകാരം ഒരു ഹലോ പറയാൻ പ്രവേശിച്ചതാണെന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. എന്നാൽ, ഈ പ്രതികരണം ട്രംപിന്റെ നേതൃത്വത്തിന് കീഴിലുള്ള വൈറ്റ് ഹൗസിന്റെ മാനേജ്‌മെന്റ് ശൈലിയിലും ഓവൽ ഓഫീസിന്‍റ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാർത്തയെക്കുറിച്ച് മെറ്റ പ്രതികരിച്ചിട്ടില്ല. അടുത്തിടെ സക്കർബർഗ് തന്‍റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് പ്രസിഡന്റ് ട്രംപിന്റെ ശത്രുവായി കണക്കാക്കപ്പെട്ടിരുന്ന മെറ്റ സി.ഇ.ഒ, ഇപ്പോൾ ട്രംപുമായി ചങ്ങാത്തത്തിനുള്ള ശ്രമത്തിലാണ്.
നേരത്തെ ട്രംപുമായി ഉറ്റ ചങ്ങാത്തത്തിലായിരുന്ന ടെസ്‍ല മേധാവി ഇലോൺ മസ്ക് ഇപ്പോൾ തുറന്ന പോരിലാണ്. 2024-ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്‍റെ ഏറ്റവും വലിയ അനുകൂലികളിൽ ഒരാളായിരുന്നു ഇലോൺ മസ്ക്. പുതിയ സാമ്പത്തിക നയത്തിനുപിന്നാലെ ഇരുവരും തെറ്റിപ്പിരിഞ്ഞു. കഴിഞ്ഞ ദിവസമാണ്, ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ പാസായാൽ പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. അങ്ങിനെയെങ്കിൽ ടെസ്‍ലയുടെ സബ്സിഡികൾ നിർത്തലാക്കുമെന്നും മസ്കിന് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
Trump asks Zuckerberg to leave after barging into meeting with top military officials