വാഷിംഗ്ടണ്‍: അമേരിക്കന്‍ നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മിലുളള ശീത സമരത്തിന്റെ ഭാഗമായി എഫ്ബിഐ ഡപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോ രാജി വെയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് ട്രംപ് തള്ളി.
ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ രേഖകള്‍ പുറത്തുവിടുന്നതു സംബന്ധിച്ചാണ് നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മില്‍ രൂക്ഷമായ ഭിന്നത ഉടലെടുത്തത്.
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണ രേഖകള്‍ പുറത്തുവിടേണ്ടതില്ലെന്ന നീതിന്യായ വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡാന്‍ ബോംഗിനോ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിക്കുന്നതെന്ന വാര്‍ത്ത അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നത്.
ഇതിനു പിന്നാലെ ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നിലാണ് താന്‍ ഡാന്‍ ബോംഗിനോയുമായി സംസാരിച്ച വിവരം പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തിയത്. അദ്ദേഹവുമായി സംസാരിച്ചതായും ബോംഗിനോ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ആ ജോലി മികച്ച രീതിയില്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നീതിന്യായ വകുപ്പുമായുളള സ്വരച്ചേര്‍ച്ച ഇല്ലായ്മയെ തുടര്‍ന്ന് ബോംഗിനോയുടെ രാജി സംബന്ധിച്ചുള്ള വാര്‍ത്ത ആദ്യം എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബോംഗിനോ രാജി വെച്ചാല്‍ അഭ്യൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എഫ്.ബി.ഐ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലും സ്ഥാനം ഒഴിയുമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അറ്റോണി ജനറല്‍ പാം ബോണ്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് സുപ്രധാന പദവിയില്‍നിന്നുള്ള കൂട്ടരാജിയിലേക്ക് നയിക്കുന്നതെന്നാണ് സൂചന.
Trump denies reports that FBI Deputy Director Dan Bongino will resign