പുടിൻ ചെയ്യുന്നത് വിഡ്ഢിത്തം, യുക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കും: യുദ്ധം റഷ്യ നിർത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് ട്രംപ്

പുടിൻ ചെയ്യുന്നത് വിഡ്ഢിത്തം, യുക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കും: യുദ്ധം റഷ്യ നിർത്താത്തതിൽ  നിരാശ പ്രകടിപ്പിച്ച് ട്രംപ്

വാഷിം​ഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയ്ക്ക് സ്വയം പ്രതിരോധിക്കാൻ കഴിയണം. യുദ്ധത്തിൽ നിരവധി ആളുകൾ കഷ്ടത അനുഭവിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ കാര്യങ്ങൾ പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനിൽ താൻ തൃപ്തനല്ലെന്നും അമേരിക്കൻ പ്രസിഡന്റ് പറ‍ഞ്ഞു. യുദ്ധം റഷ്യ നിർത്താത്തതിൽ താൻ നിരാശനാണെന്നും ട്രംപ് പറഞ്ഞു.

നേരത്തെ കീവിനുളള ആയുധ സഹായം അമേരിക്ക ഭാഗികമായി മരവിപ്പിച്ചുവെന്ന വാർത്തകൾ വന്നിരുന്നു. യുക്രെയ്ന്‍ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന നടപടി വൈകിയാല്‍ അത് ശത്രുവിനെ യുദ്ധം തുടരാന്‍ പ്രേരിപ്പിക്കുമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. അത് സമാധാനം പുനഃസ്ഥാപിക്കാനുള്ള തുടര്‍നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

.വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ആയുധ സഹായമാണ് യുഎസ് മരവിപ്പിച്ചതെന്നായിരുന്നു നേരത്തെ റിപ്പോർട്ട്. വിദേശ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധ സഹായത്തില്‍ ട്രംപ് ഭരണകൂടം നടത്തുന്ന പുനഃപരിശോധനയുടെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ വാര്‍ത്തകള്‍ ശരിവെച്ച് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം എന്നായിരുന്നു പ്രസ് സെക്രട്ടറി പറഞ്ഞത്. യുഎസ് പ്രതികരണത്തിന് പിന്നാലെ കീവിലെ യുഎസ് നയതന്ത്രപ്രതിനിധിയെ യുക്രെയ്ന്‍ വിദേശകാര്യമന്ത്രാലയം ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. അതിനിടെ ആയുധ സഹായം മരവിപ്പിക്കുന്നതോ നിര്‍ത്തുന്നതോ ആയി ബന്ധപ്പെട്ട് യുഎസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും യുക്രെയ്ന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. പുറത്തുവന്ന ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ തെറ്റായ പ്രചാരണം നടത്തരുതെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചു.

യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ന്‍ നേരിട്ട ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. യുക്രെയ്നെതിരെ അഞ്ഞൂറോളം ഡ്രോണുകളായിരുന്നു റഷ്യ തൊടുത്തുവിട്ടത്. ഡ്രോണിന് പുറമേ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും യുക്രെയ്‌നെതിരെ റഷ്യ പ്രയോഗിച്ചിരുന്നു. 2022 ല്‍ യുക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം കോടികളുടെ സഹായമാണ് അമേരിക്ക യുക്രെയ്‌ന് നല്‍കിയത്.

Trump expresses disappointment that Russia has not stopped the war

Share Email
Top