‘ബ്രോമാൻസിൽ’ വിള്ളൽ! ട്രംപും നെതന്യാഹുവും തമ്മിൽ ഇടയുന്നുവോ? ‘ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു’

‘ബ്രോമാൻസിൽ’ വിള്ളൽ! ട്രംപും നെതന്യാഹുവും തമ്മിൽ ഇടയുന്നുവോ? ‘ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു’

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുന്നുവെന്നുള്ള സൂചനകൾ ഉയർന്നുവരുന്നു. നെതന്യാഹു ഒരു ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്നും അവിചാരിതമായി ബോംബാക്രമണങ്ങൾ നടത്തുന്നുവെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വിമർശിച്ചതോടെ, ഇരുവരുടെയും ബന്ധത്തിലെ പിരിമുറുക്കം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയായി.

സിറിയയിലെ പ്രസിഡൻഷ്യൽ പാലസിന് നേർക്ക് അടുത്തിടെ നടന്ന ഇസ്രായേൽ ആക്രമണത്തെക്കുറിച്ചാണ് ഈ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പരാമർശിച്ചത്. “നെതന്യാഹു അനിയന്ത്രിതമായി പ്രവർത്തിക്കുകയാണ്. എപ്പോഴും ബോംബിടുകയാണ്, ഇത് ട്രംപിന്റെ പദ്ധതികളെ തടസ്സപ്പെടുത്തിയേക്കാം,” ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

ഡമാസ്കസിലെ ഇസ്രായേൽ വ്യോമാക്രമണങ്ങളും തെക്കൻ സിറിയയിലെ സർക്കാർ സൈന്യത്തിനെതിരായ ആക്രമണങ്ങളും നടന്നതിന് പിന്നാലെയാണ് ഈ വിമർശനം ഉയർന്നത്. യുഎസും സിറിയയും തമ്മിലുള്ള ബന്ധം അടുത്തിടെ മെച്ചപ്പെട്ടിരുന്നു. ഇതിനിടെ, ഗാസയിലെ ഏക കത്തോലിക്കാ പള്ളിയായ ഹോളി ഫാമിലി പള്ളിയുടെ പരിസരവും ഇസ്രായേൽ ആക്രമിച്ചിരുന്നു.

ഗാസയിലെ പള്ളിക്ക് നേർക്കുണ്ടായ ആക്രമണത്തിന് ശേഷം, ട്രംപ് നെതന്യാഹുവിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി മറ്റൊരു യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നെതന്യാഹുവിന്റെ മൂന്നാമത് യുഎസ് സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവങ്ങൾ. ഈ സന്ദർശനത്തിൽ ട്രംപുമായി നിരവധി കൂടിക്കാഴ്ചകളും വൈറ്റ് ഹൗസിൽ ഒരു അത്താഴവിരുന്നും നടന്നിരുന്നു. എന്നാൽ, ഗാസയിലെ യുദ്ധത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടായില്ല.

നെതന്യാഹുവിനോടുള്ള അവിശ്വാസം ട്രംപ് ഭരണകൂടത്തിനുള്ളിൽ വർദ്ധിച്ചുവരികയാണെന്ന് മറ്റൊരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഇസ്രായേൽ പ്രധാനമന്ത്രി അക്ഷമനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവനുമാണെന്നും, ചിലപ്പോൾ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ പെരുമാറുന്നുവെന്നും ഈ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. എങ്കിലും, ട്രംപ് നെതന്യാഹുവിനെ പരസ്യമായി വിമർശിക്കുകയോ തന്‍റെ ഉദ്യോഗസ്ഥർക്കുള്ള അതേ നിരാശകൾ തനിക്കുമുണ്ടെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.

Share Email
Top