വാഷിങ്ടൺ: ആണവ പദ്ധതി പരിശോധിക്കുന്നതിനോ യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുന്നതിനോ ഇറാൻ സമ്മതിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പരിപാടി പുനരാരംഭിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ഇറാൻ അധികൃതർ തന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്നും എയർഫോഴ്സ് വൺ വിമാനത്തിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാന്റെ ആണവ പരിപാടി ശാശ്വതമായി പിന്നോട്ട് പോയെന്നും അതേസമയം, മറ്റൊരു സ്ഥലത്ത് പുനരാരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം സമ്മതിച്ചു. പുനരാരംഭിച്ചാൽ പ്രശ്നമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ഇറാൻ വിഷയം ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ സാധ്യതയുള്ളതിനാൽ ഗസയാകും ചർച്ചയിലെ മുഖ്യ അജണ്ട.
ഇറാനിൽ നിന്ന് പരിശോധകരെ പിൻവലിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. ആണവായുധങ്ങൾ നിർമിക്കുന്നതിനായി ഇറാൻ യുറേനിയം സമ്പുഷ്ടമാക്കുകയാണെന്ന് യു.എസും ഇസ്രായേലും ആവർത്തിക്കുകയാണ്. ആണവ ബോംബ് നിർമിക്കാൻ ആഗ്രഹിക്കുന്നുവെന്നത് ഇറാൻ നിഷേധിച്ചിട്ടുണ്ട്. ആണവ പദ്ധതി സിവിലിയൻ ഉപയോഗത്തിന് മാത്രമാണെന്നും ഇറാൻ ആവർത്തിച്ചു.
ഇറാൻ ആണവായുധം നിർമിക്കുന്നതിന് ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് യു.എസ് ഇന്റലിജൻസ് അധികൃതരോ യു.എൻ ആണവ നിരീക്ഷണ മേധാവി റാഫേൽ ഗ്രോസിയോയോ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Trump says Iran will not be allowed to resume nuclear testing