വാഷിംഗ്ടൺ: മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ, യുഎസ് സെനറ്റിൽ ഡൊണാൾഡ് ട്രംപിന്റെ നികുതി-ചിലവ് മെഗാ ബിൽ നേരിയ ഭൂരിപക്ഷത്തിൽ പാസായി. ഇതോടെ നിർദ്ദിഷ്ട നിയമനിർമ്മാണം ഒരു പ്രധാന കടമ്പ പിന്നിട്ടു. സെനറ്റ് റിപ്പബ്ലിക്കൻമാർ പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ’ ബജറ്റ് ബിൽ പാസാക്കി. 27 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷം അന്തിമ അംഗീകാരത്തിനായി കോൺഗ്രസിലേക്ക് അയച്ചു.
‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്’ 24 മണിക്കൂറിലധികം നീണ്ട സംവാദത്തിന് ശേഷം, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തിയതോടെയാണ് പാസായത്. ഇത് ഇനി ജനപ്രതിനിധി സഭയിലേക്ക് (ലോവർ ചേംബർ) മടങ്ങും, അവിടെ ഇതിന് കൂടുതൽ എതിർപ്പ് നേരിടേണ്ടി വരും. ബില്ലിന്റെ മുൻ പതിപ്പ് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻമാർ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് പാസാക്കിയിരുന്നത്.
ജൂലൈ 4-നകം ബില്ലിന്റെ അന്തിമ രൂപം നിയമമാക്കി തനിക്ക് അയക്കണമെന്ന് ട്രംപ് റിപ്പബ്ലിക്കൻ നിയന്ത്രിത കോൺഗ്രസിന് അന്ത്യശാസനം നൽകിയിരുന്നു. “ഭേദഗതി ചെയ്ത ബിൽ പാസായി,” ചൊവ്വാഴ്ച ഉച്ചയ്ക്ക് വാൻസ് പറഞ്ഞപ്പോൾ, സെനറ്റ് റിപ്പബ്ലിക്കൻമാർക്കിടയിൽ കൈയ്യടി ഉയർന്നു, ഡെമോക്രാറ്റുകൾ തങ്ങളുടെ സീറ്റുകളിലേക്ക് നിരാശയോടെ ഇരുന്നു തലയാട്ടി.
കമ്മി, സാമൂഹിക പരിപാടികൾ, ചിലവ് നിലവാരം എന്നിവയെ ചൊല്ലിയുള്ള തർക്കങ്ങൾ റിപ്പബ്ലിക്കൻമാർക്ക് വെല്ലുവിളിയായിരുന്നു. ഇത് ബിൽ പാസാക്കുന്നതിനുള്ള പുരോഗതിക്ക് തടസ്സമുണ്ടാക്കുകയും, സമയപരിധി പാലിക്കാൻ “വളരെ ബുദ്ധിമുട്ടായിരിക്കും” എന്ന് ട്രംപിന് സമ്മതിക്കേണ്ടി വരികയും ചെയ്തു.
പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിലും, സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂണിന് മൂന്ന് റിപ്പബ്ലിക്കൻമാരുടെ വോട്ട് നഷ്ടപ്പെട്ടു. മെയ്‌നിലെ സൂസൻ കോളിൻസ്, നോർത്ത് കരോലിനയിലെ തോം ടില്ലിസ്, കെന്റക്കിയിലെ റാൻഡ് പോൾ എന്നിവരാണ് ബില്ലിനെതിരെ വോട്ട് ചെയ്തത്. കോളിൻസ്, ടില്ലിസ്, പോൾ എന്നിവർ ഡെമോക്രാറ്റുകൾക്കൊപ്പം ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തി.
ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, അലാസ്ക സെനറ്റർ ലിസ മുർക്കോവ്‌സ്‌കിയുടെ പിന്തുണ ഉറപ്പാക്കാൻ റിപ്പബ്ലിക്കൻ നേതാക്കൾക്ക് കഴിഞ്ഞു. സ്വന്തം സംസ്ഥാനത്തെ മെഡികെയ്ഡ് വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം മുർക്കോവ്‌സ്കി ഇതുവരെ പിന്തുണ നൽകാതെ മാറിനിൽക്കുകയായിരുന്നു. ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശേഷവും മുർക്കോവ്‌സ്കിക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ പ്രക്രിയ “തിടുക്കത്തിലുള്ളതും” ഒരു “കൃത്രിമ സമയപരിധിക്ക്” കീഴിലുള്ളതുമാണെന്ന് അവർ വിശേഷിപ്പിച്ചു.
“ഈ രാജ്യത്തെ ഏറ്റവും ദുർബലരായ ആളുകളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഞാൻ വളരെയധികം ബുദ്ധിമുട്ടി,” മുർക്കോവ്‌സ്കി പറഞ്ഞു. ഈ പ്രക്രിയ തന്റെ കരിയറിലെ “ഒരുപക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദന നിറഞ്ഞതുമായ 24 മണിക്കൂർ നിയമനിർമ്മാണ കാലഘട്ടമായിരുന്നു” എന്നും അവർ കൂട്ടിച്ചേർത്തു. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ സെനറ്റ് ഫ്ലോറിന് പുറത്ത് വെച്ച് മാധ്യമപ്രവർത്തകരോട് അവർ പറഞ്ഞു, “ജനപ്രതിനിധി സഭ ഇത് പരിഗണിക്കുകയും നമ്മൾ ഇനിയും അവിടെയെത്തിയിട്ടില്ലെന്ന് തിരിച്ചറിയുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
മുർക്കോവ്‌സ്‌കിയുടെ പിന്തുണയോടെ സെനറ്റിലെ അന്തിമ വോട്ടെണ്ണം 50-50 ആയി, ഇത് ടൈ-ബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്താൻ വാൻസിനെ പ്രേരിപ്പിച്ചു.
940 പേജുകളുള്ള ഈ മെഗാബിൽ , ട്രംപിന്റെ 2017 ലെ നികുതി ഇളവുകളുടെ ഭൂരിഭാഗവും നിലനിർത്തുന്നു. ടിപ്പുകളുടെയും ഓവർടൈം വേതനത്തിന്റെയും നികുതി കുറയ്ക്കുന്നു; പ്രതിരോധം, അതിർത്തി സുരക്ഷ, ഊർജ്ജ പര്യവേക്ഷണം എന്നിവയ്ക്കുള്ള തുക കൂട്ടി.
ഒരു മാസത്തിലധികം നീണ്ട ചർച്ചകൾക്ക് ശേഷം, ബിസിനസ് നികുതി ഇളവുകൾ നീട്ടുന്നതിനും, മെഡിക്കെയ്‌ഡ് തുക വെട്ടിക്കുറക്കുന്നതിനും, കടമെടുക്കുന്നതിനുള്ള പരിധി നാലിൽ നിന്ന് 5 ട്രില്യൺ ഡോളറായി വർദ്ധിപ്പിക്കുന്നതിനും ബിൽ നിർദേശിക്കുന്നു. കൃത്രിമബുദ്ധിക്കെതിരായ സംസ്ഥാന നിയന്ത്രണങ്ങൾ എടുത്തുകളയും.
കോർപ്പറേഷനുകൾക്കുംബിസിനസ് സ്ഥാപനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്നതിനായി തൊഴിലാളികൾക്കും ദരിദ്രർക്കും വേണ്ടിയുള്ള ആരോഗ്യ പരിരക്ഷ വെട്ടിക്കുറയ്ക്കാൻ കഴിയില്ല, സെനറ്റർ ജോഷ് ഹാവ്‌ലി (മിസൗറി റിപ്പബ്ലിക്കൻ) കഴിഞ്ഞ ആഴ്ച എൻബിസി ന്യൂസിനോട് പറഞ്ഞു. എന്നാൽ ഒടുവിൽ, ഹാവ്‌ലി ബില്ലിനെ പിന്തുണച്ചു
പ്രതിവർഷം $500,000-ൽ താഴെ വരുമാനമുള്ള മിക്ക അമേരിക്കക്കാർക്കും നിലവിലുള്ള $10,000 ആദായനികുതി ഇളവ് (SALT) $40,000 ആയി സെനറ്റ് റിപ്പബ്ലിക്കൻമാർ പരിഷ്കരിച്ചു. അഞ്ച് വർഷത്തിന് ശേഷം ഈ ഇളവ് ഘട്ടംഘട്ടമായി നിർത്തലാക്കും.
മൊത്തത്തിൽ, അടുത്ത പത്തു വർഷത്തിനുള്ളിൽ കമ്മി കുറഞ്ഞത് 3.3 ട്രില്യൺ ഡോളർ വർദ്ധിക്കുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് പറയുന്നു. കടത്തിന്റെ പലിശ കൂടി കൂട്ടിയാൽ ഇത് 3.9 ട്രില്യൺ ഡോളറിലേക്ക് അടുക്കാൻ സാധ്യതയുണ്ട്.
ബില്ലിൽ കോൺഗ്രസിൽ കൂടുതൽ മാറ്റങ്ങൾ വന്നാൽ, ബില്ലിന്റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി ഇരുസഭകളും ഒരു കോൺഫറൻസ് കമ്മിറ്റി സംഘടിപ്പിക്കേണ്ടിവരും. അതിൽ വീണ്ടും കോൺഗ്രസ് വോട്ട് ചെയ്യേണ്ടിവരും.
Trump’s ‘big beautiful’ bill passes Senate by narrow majority