ട്രംപിന്റെ താരിഫ് ഭീഷണി: രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഡോളറിനെതിരെ 87.80 രൂപ, പ്രവാസികൾക്ക് നേട്ടം

ട്രംപിന്റെ താരിഫ് ഭീഷണി: രൂപക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ഡോളറിനെതിരെ 87.80 രൂപ, പ്രവാസികൾക്ക് നേട്ടം

മുംബൈ: യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 25 ശതമാനം താരിഫ് പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യൻ രൂപ യു.എസ്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടു. ബുധനാഴ്ച രൂപയുടെ മൂല്യം ഒറ്റയടിക്ക് 89 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 87.80 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒറ്റദിവസം ഇത്രയും വലിയ ഇടിവുണ്ടാകുന്നത് ഇത് ആദ്യമാണ്. മാർച്ച മാസത്തിനുശേഷം ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 87 രൂപ കടക്കുന്നത്.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് രൂപയ്ക്ക് പ്രധാന തിരിച്ചടിയായത്. ഇന്ത്യ-യു.എസ്. വ്യാപാര കരാറിലെ അനിശ്ചിതത്വവും അസംസ്കൃത എണ്ണ വില വർധിച്ചതും രൂപയുടെ ഇടിവിന് ആക്കം കൂട്ടി.

വിദേശ നാണയ വിപണിയിൽ ഡോളറിനെതിരെ 87.10-ൽ വ്യാപാരം ആരംഭിച്ച രൂപ, പിന്നീട് 87.43-ലേക്കും തുടർന്ന് 87.80-ലേക്കും കൂപ്പുകുത്തുകയായിരുന്നുവെന്ന് ഫോറെക്‌സ് വ്യാപാരികൾ അറിയിച്ചു. ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളറിന്റെ വർധിച്ച ആവശ്യകതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും രൂപയ്ക്ക് തിരിച്ചടിയായെന്നും അവർ കൂട്ടിച്ചേർത്തു.

ഗൾഫ് കറൻസികൾക്കെതിരെയും രൂപ ദുർബലമായി: പ്രവാസികൾക്ക് നേട്ടം

യു.എസ്. ഡോളറിനെതിരെയുള്ള ഇടിവിന് പുറമെ, യു.എ.ഇ. ദിർഹത്തിനെതിരെയും മറ്റ് ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യു.എ.ഇ. ദിർഹത്തിനെതിരെ രൂപയുടെ മൂല്യം 23.88 ആയി. കുവൈത്ത് ദിനാറിനെതിരെ 286.72 രൂപയാണ് പുതിയ മൂല്യം.

ജൂലൈ മാസത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും രൂപയുടെ മൂല്യം 23.2 മുതൽ 23.3 വരെ സ്ഥിരമായിരുന്നു. എന്നാൽ, ഈ ആഴ്ചയിൽ രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞത് നാട്ടിലേക്ക് പണം അയക്കാൻ വൈകിയ പ്രവാസികൾക്ക് വലിയ നേട്ടമായി. യു.എസ്. താരിഫ് വർധിപ്പിക്കുമെന്ന ആശങ്ക ഇന്ത്യൻ വിപണികളിലുണ്ടാക്കിയ ചാഞ്ചാട്ടമാണ് രൂപയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രവാസികൾക്ക് ഈ നേട്ടം ലഭിക്കാൻ കാരണമാകുകയും ചെയ്തത്.

യു.എ.ഇ. എക്‌സ്‌ചേഞ്ച് ഹൗസുകൾ നിലവിൽ 23.7–23.8 നിലവാരമാണ് പറയുന്നത്. ഫെബ്രുവരിയിലാണ് അവസാനമായി ഈ പ്രവണത കണ്ടിരുന്നത്. ഈ വർഷം ആദ്യം ദിർഹമിനെതിരെ കറൻസിയുടെ എക്കാലത്തെയും താഴ്ന്ന വിനിമയ നിരക്കായ 23.92-ന് അടുത്താണിത്. ആ നില ചെറിയൊരു കാലം മാത്രമേ നീണ്ടുനിന്നുള്ളൂ.

കുവൈത്തിലും യു.എ.ഇയിലും മാത്രമല്ല, ഖത്തർ, ബഹ്‌റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ കറൻസികളും ഇന്ന് കൂടുതൽ കരുത്ത് കാണിച്ചു. ഈ പ്രവണത പ്രവാസികൾക്ക് കൂടുതൽ നേട്ടം നൽകുന്നതിനാൽ കൂടുതൽ പേർ നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവണതയും ദൃശ്യമാണ്.

Trump’s tariff threat: Rupee sees biggest fall in history; Rs 87.80 against dollar, gains for expatriates

Share Email
LATEST
More Articles
Top