പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. നൈജറിന്റെ തെക്കുപടിഞ്ഞാറൻ ഡോസോ മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടെ ഒരാളെ ഭീകരർ തട്ടിക്കൊണ്ടുപോയതായും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
തലസ്ഥാനമായ നിയാമിയിൽനിന്ന് 130 കിലോമീറ്റർ അകലെ ദോസോയിലെ നിർമാണസ്ഥലത്ത് കാവൽനിൽക്കുകയായിരുന്ന സുരക്ഷാസേനാംഗങ്ങളെയാണ് തോക്കുധാരികൾ ആക്രമിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ചയാണ് ആക്രമണം നടന്നതെന്നും ഇരകളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കുന്നതിനും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നൈജറിലെ ഇന്ത്യൻ എംബസി വെള്ളിയാഴ്ച എക്‌സിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. നൈജറിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
നൈജറിൽ കൂടുതൽ വിദേശികൾ സായുധ സംഘങ്ങളുടെ ലക്ഷ്യങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്, നൈജറിന്റെ സംഘർഷഭരിതമായ പ്രദേശങ്ങളിൽ വിദേശികളെ ലക്ഷ്യം വച്ചുള്ള ഏറ്റവും പുതിയ അക്രമമാണിത്.
ഈ സംഭവത്തിന് പുറമേ, ഈ വർഷം മറ്റ് നിരവധി പേരെ തട്ടിക്കൊണ്ടുപോയിരുന്നു. 20 വർഷത്തിലേറെയായി അവിടെ സന്നദ്ധസേവനം നടത്തുന്ന ഒരു ഓസ്ട്രിയൻ സ്ത്രീയേയും ഏപ്രിലിൽ അഞ്ച് ഇന്ത്യൻ തൊഴിലാളികളേയും സമാന രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു.